‘കോവിഡ് വന്നുപോകട്ടെ എന്ന മനോഭാവം വേണ്ട; ഒക്ടോബർ, നവംബർ നിർണായകം’

0
387

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിൽ ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളുടെ എണ്ണം കൂടാനിടയുണ്ട്. ഫലപ്രദമായി പ്രതിരോധം നടത്തിയാലേ മരണം കൂടുന്നത് ഒഴിവാക്കാനാകൂ. കൂടുതല്‍ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. അധ്യാപകരും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാകണം. ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കു കഴിയും. ആരോഗ്യപ്രവർത്തകർക്കു പൊതുജന പിന്തുണവേണ്ട ഘട്ടമാണിത്. രോഗത്തെ ചെറുക്കാൻ ഒരുമിച്ച് നിൽക്കാനുള്ള മനസുണ്ടാകണം.

മാസ്ക് ധരിക്കാൻ 10%പേർ ഇപ്പോഴും വിമുഖത കാട്ടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. മാസ്ക് ധരിക്കുന്നത് രോഗത്തെ ഒഴിവാക്കാനുള്ള പ്രധാന മാർഗമാണ്. മാസ്ക് ധരിക്കുന്നവരിൽ രോഗം ബാധിച്ചാലും തീവ്രത കുറവാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.

റോഡരികിലും മാർക്കറ്റുകളിലും കടകളിലും ആളുകൾക്കു കൈകഴുകാൻ വേണ്ട സൗകര്യം ഉണ്ടായിരിക്കണം. സാനിറ്റൈസറും ഉണ്ടാകണം. രോഗം വ്യാപിക്കാതിരിക്കാൻ ഇത്തരം ക്രമീകരണം സഹായിക്കും. സൗകര്യങ്ങൾ ഉണ്ടായാല്‍ പോര, സൗകര്യം എല്ലാവരും ഉപയോഗിക്കണം. ഓരോ വീട്ടിലും കുട്ടികളെ ബ്രേക്ക് ദ് ചെയിൻ അംബാസിഡർമാരാക്കുന്ന പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കും. ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികൾക്ക് ആവശ്യമായ നിർദേശം നൽകും.

കോവിഡ് വന്നിട്ടുപോയ ആളുകളിൽ 30 ശതമാനത്തോളം പേരിൽ രോഗത്തിന്റെ ലക്ഷണം കുറേക്കാലം നിൽക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിൽ 10 ശതമാനം പേരിൽ ഗുരുതരമായ ബുദ്ധിമുട്ടുകൾ തുടരുന്നതായും കാണപ്പെടുന്നു. കുട്ടികളിൽ താരതമ്യേന രോഗതീവ്രത കുറവാണ്. എന്നാൽ പലരിലും മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൺ എന്ന സങ്കീർണ രോഗാവസ്ഥ ഉടലെടുക്കുന്നതായി കാണുന്നു.

അതിനാൽ കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം കാരണം ഒരുപാട് ആളുകളിൽ ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉണ്ടാവണം. തുടക്കത്തിൽ നമ്മൾ കാണിച്ച ജാഗ്രത വീണ്ടെടുക്കേണ്ടതുണ്ട്. ഒൻപത് മണിക്കൂർ നമ്മുടെ ത്വക്കിന്റെ പ്രതലത്തിൽ കോവിഡ് രോഗാണുക്കൾക്ക് നിലനിൽക്കാനാകും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here