ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. വായ്പ നല്കാമെന്ന് പറഞ്ഞാണ് പുതിയ ഓണ്‍ ലൈന്‍ തട്ടിപ്പ് നടക്കുന്നത്. നിരവധി പേര്‍ക്ക് പണം നഷ്ടമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നത്. പരാതികള്‍ വ്യാപകമായതോടെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
പ്രമുഖ കമ്പനികളുടെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതിയ പതിപ്പ്. സോഷ്യല്‍ മീഡിയയിലൂടെ ലോണ്‍ ലഭിക്കുമെന്ന പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. 5 മിനിറ്റുകൊണ്ട് ലോണ്‍ ലഭിക്കുമെന്നും ഇതിനായി ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും മാത്രം മതിയെന്നുമാണ് പരസ്യങ്ങള്‍.
വിശ്വാസ്യതയ്ക്ക് വേണ്ടി വന്‍കിട കമ്പനികളുടെ പേരിലാണ് പരസ്യങ്ങള്‍ നല്കുന്നത്. ഇത്തരം പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ ലോണ്‍ അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് നല്കിയാല്‍ പ്രോസസിംഗ് ചാര്‍ജ്ജ് എന്ന പേരിലാണ് ആദ്യം പണം വാങ്ങുക. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായിരിക്കുന്നത്. 13000 രൂപവരെ നല്കിയവരും ഇതില്‍ ഉള്‍പ്പെടുന്നു.
കോവിഡ് കാലത്ത് ബാങ്കില്‍ പോകാതെ ലോണ്‍ എടുക്കാമെന്നും പ്രചരിപ്പിക്കുന്നതിലാണ് പലരും വീഴുന്നത്. പരാതികള്‍ വ്യാപകമായതോടെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് പൊലീസും നല്കിയിട്ടുണ്ട്