ഭോപ്പാല്‍: ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ദമോഹ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രാഹുല്‍ സിംഗാണ് ഞായറാഴ്ച രാജിക്കത്ത് ഇടക്കാല സ്പീക്കര്‍ക്ക് കൈമാറിയത്. പിന്നീട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തില്‍ ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു.
ദമോഹ് എംഎല്‍എ തന്റെ സ്ഥാനം ഒഴിവായെന്ന് അറിയിച്ച് നല്‍കിയ രാജിക്കത്ത് സ്വീകരിച്ചെന്ന് സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ ട്വീറ്റ് ചെയ്തു. കഴിഞ്ഞ 14 മാസമായി കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും മണ്ഡലത്തെ ഉന്നതിയിലെത്തിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും രാഹുല്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടാണ് സ്ഥാനം രാജിവെച്ച് രാഹുല്‍ സിംഗ് ബിജെപിയിലെത്തിയതെന്ന് ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞു.
ജൂലായ്ക്ക് ശേഷം നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ബിജെപിയില്‍ ചേരുന്നത്. സംസ്ഥാനത്തെ 28 മണ്ഡലങ്ങളില്‍ നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ദമോഗ് മണ്ഡലത്തില്‍ രാഹുല്‍ സിംഗ് തന്നെ മത്സരിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും അനുകൂലികളും രാജിവെച്ചതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ബിജെപിക്ക് 107 എംഎല്‍എമാരും കോണ്‍ഗ്രസിന് 87 എംഎല്‍എമാരുമാണുള്ളത്.