കുമ്പള : മണൽക്കടത്തിന് പോലീസ് കൂട്ടുനിൽക്കുകയാണെന്ന് ഭാരതീയ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മണൽക്കടത്ത് വിവരം പോലീസിന് നൽകിയാൽ നടപടി സ്വീകരിക്കുന്നില്ല. എന്നാൽ, ഫോൺചെയ്ത വ്യക്തിയുടെ പേരും മൊബൈൽ നമ്പറും മണൽമാഫിയക്ക് പോലീസ് ഒറ്റിക്കൊടുക്കുകയാണ്. കുമ്പള അഴിമുഖപരിസരം, കോട്ടി ഫിഷിങ് കേന്ദ്രം, കോയിപ്പാടി, നാങ്കി, കൊപ്പളം എന്നിവിടങ്ങളിൽനിന്ന് രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ വ്യാപകമായി മണൽ കടത്തുന്നു. ഈ കാര്യം പോലീസിന് അറിയാമെന്നിരിക്കെ ഫോൺ ചെയ്ത വ്യക്തിയോട് ഇവിടെ പോലീസും വണ്ടിയുമില്ല, വളരെ ദൂരത്താണെന്ന മറുപടിയാണ് ലഭിക്കുന്നത്.
കുമ്പള ഇൻസ്പെക്ടറോ എസ്.ഐ.യോ അറിയാതെയാണ് ചില പോലീസ് ഉദ്യോഗസ്ഥർ മണൽക്കടത്തിന് ഒത്താശചെയ്യുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ മാതൃകയിൽ മണൽക്കടത്ത് അടിച്ചമർത്തിയില്ലെങ്കിൽ യുവമോർച്ച സമരപരിപാടികളുമായി മുന്നോട്ടുവരും. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രദീപ്, പ്രസിഡൻറ് പ്രദോഷ്, രാജേഷ് ബംബ്രാണ, ശശി കുമ്പള, മധുസൂദനൻ, രവി, ജിതേഷ് എന്നിവർ സംസാരിച്ചു.