എന്‍.ഡി.എയില്‍ നിന്ന് ഒരു പാര്‍ട്ടി കൂടി പുറത്തേക്ക്

0
176

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍.ഡി.എയ്ക്ക് തിരിച്ചടി. 2021 ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ നേതാവ് ബിമല്‍ ഗുരുംഗ് പറഞ്ഞു.

ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

’12 വര്‍ഷമായി ഞങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ല. ഇനി എന്‍.ഡി.എയെ പിന്തുണയ്ക്കില്ല’, ഗുരുംഗ് പറഞ്ഞു.
പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിനുവേണ്ടി പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗുരുംഗ് പൊതുസ്ഥലത്ത് എത്തുന്നത്.

2017 മുതല്‍ ഒളിവില്‍ കഴിയുന്ന ഗുരുംഗ് കൊല്‍ക്കത്തയ്ക്ക് സമീപം സാള്‍ട്ട് ലേക്കിലെ ഗൂര്‍ഖാ ഭവന് മുന്നിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

150-ലേറെ കേസുകളില്‍ പ്രതിയായ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ സ്ഥലത്തുണ്ടായിട്ടും പൊലീസ് ശ്രമിച്ചില്ല. പ്രത്യേക ഗൂര്‍ഖാ സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യു.എ.പി.എ അടക്കം ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസുകള്‍ എടുത്തിട്ടുള്ളത്.

നേരത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് പിന്നാലെ ശിവസേന എന്‍.ഡി.എ വിട്ടിരുന്നു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷിനോട് അതൃപ്തി പ്രകടിപ്പിച്ച് എല്‍.ജെ.പിയും എന്‍.ഡി.എ വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here