കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാമെല്ലാവരും തന്നെ. വാക്‌സിന്‍ എന്ന പ്രതീക്ഷ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെങ്കിലും നിലവില്‍ രോഗത്തെ പ്രതിരോധിച്ചുനിര്‍ത്തുക എന്ന വഴി മാത്രമേ നമുക്ക് മുമ്പിലുള്ളൂ.
കൊവിഡ് 19 പല തരത്തിലാണ് ഓരോ രോഗിയിലും പ്രവര്‍ത്തിക്കുന്നതെന്ന് നാം കണ്ടു. ചിലരില്‍ ലക്ഷണങ്ങളോടെ കൊവിഡ് പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റ് ചിലരില്‍ യാതൊരു ലക്ഷണവുമില്ലാതെയാണ് രോഗം കണ്ടുവരുന്നത്. ഇനി കൊവിഡ് 19ല്‍ നിന്ന് മുക്തി നേടിയാലും നമ്മള്‍ പൂര്‍ണ്ണമായി രോഗകാരിയില്‍ നിന്ന് രക്ഷ നേടിയെന്ന് പറയാനാകുമോ!
ഈ വിഷയവുമായി ബന്ധപ്പെട്ട് യുകെയില്‍ നടന്നൊരു പഠനത്തിന്റെ നിഗമനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
കൊവിഡ് 19 ഭേദമായാലും മാസങ്ങളോളം അതിന്റെ തുടര്‍ പ്രശ്‌നങ്ങള്‍ ശരീരത്തിലും മനസിവും കാണപ്പെടുമെന്നാണ് പഠനം വിശദമാക്കുന്നത്. ടെസ്റ്റ് ഫലം നെഗറ്റീവായവരില്‍ പലരിലും മാസങ്ങളോളം ശ്വാസതടസം, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിവയെല്ലാം കണ്ടെത്തിയതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ എല്ലാം എല്ലാവരിലും കാണപ്പെട്ടെന്ന് വരില്ല. ചിലത്- ചിലരില്‍ എന്ന തരത്തിലാണ് ഇവ കാണപ്പെടുന്നതത്രേ.
കൊവിഡ് ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവരുന്നതായും പഠനം വിലയിരുത്തുന്നു. നേരത്തെ ബ്രിട്ടനിലെ ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച്’ (എന്‍ഐഎച്ച്ആര്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടും സമാനമായ വിവരങ്ങള്‍ തന്നെയാണ് പങ്കുവച്ചിരുന്നത്.
‘ലോംഗ് കൊവിഡ്’ എന്നാണ് ഇങ്ങനെയുള്ള കൊവിഡിന്റെ തുടര്‍ പ്രശ്‌നങ്ങളെ എന്‍ഐഎച്ച്ആര്‍ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. ശരീരത്തേയും മനസിനേയും ബാധിക്കുന്ന വ്യത്യസ്തമായ വിഷമതകളാണ് ‘ലോംഗ് കൊവിഡി’ല്‍ ഉള്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊവിഡ് ഭേദമായവരില്‍ 64 ശതമാനം പേര്‍ക്ക് അടുത്ത മൂന്ന് മാസത്തില്‍ ശ്വാസതടസം അനുഭവപ്പെട്ടതായും 55 ശതമാനം പേര്‍ക്ക് ക്ഷീണം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും കായികമായും, സാമൂഹികമായും, പാരിസ്ഥിതികമായും വരുന്ന വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഈ വിഷയത്തിലും വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഓരോ രാജ്യങ്ങളിലും ഇതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ലെന്ന് പറയാം. എങ്കില്‍ക്കൂടിയും ഏറെ പ്രാധാന്യമുള്ള കണ്ടെത്തലുകളാണ് ഇവയത്രയും.