ഉന്നാവ് : ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിനിരയായി വിചാരണയ്ക്കിടെ കൊല്ലപ്പെട്ട 23 കാരിയുടെ ബന്ധുവായ ആറുവയസ്സുകാരനെ പീഡനക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുടുംബംനൽകിയ പരാതിയെത്തുടർന്ന് ക്യാപ്റ്റൻ ബാജ്പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹർഷിത് ബാജ്പേയ് എന്നിവരുടെപേരിൽ പോലീസ് കേസെടുത്തു.
അഞ്ചുപേരും ബലാത്സംഗക്കേസിലെ പ്രതികളുടെ ബന്ധുക്കളാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ മകനെയാണ് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ബിഹാറിലെ ഗ്രാമത്തിൽനിന്ന് കാണാതായത്. കുട്ടിയെ കാണാതായതോടെ ബന്ദുക്കളും നാട്ടുകാരും പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്നു പോലീസുകാരെ സംഭവത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തതായി ഉന്നാവ് പോലീസ് സൂപ്രണ്ട് അറിയിച്ചു. കോൺസ്റ്റബിൾമാരായ നരേന്ദ്ര യാദവ്, അനുജ്, രാജേഷ് കുമാർ എന്നിവരെ ആണ് സസ്പെന്‍ഡ് ചെയ്തത്.
കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പതിന്നാല് സംഘമായാണ് കുട്ടിക്കായി അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇതുവരെ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ഭിച്ചിട്ടില്ല. ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് ഞായറാഴ്ച ഗ്രാമം സന്ദർശിച്ച് കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ട് കുട്ടിയെ കണ്ടെത്താനായി എല്ലാ ശ്രമങ്ങളും നടക്കുമെന്ന് അറിയിച്ചു.