വിവാഹത്തിന് മുമ്പ് സെക്സ് നടക്കുന്നതും ഗര്‍ഭം ധരിക്കുന്നതും പാപമാണന്ന് ഒരു കൂട്ടര്‍, പത്ത് വര്‍ഷമായുളള വളരെ വെെകാരികമായ ഒരു ബന്ധത്തില്‍ സംഭവിച്ച വിശ്വാസവഞ്ചന പോട്ട് പുല്ലെന്ന് പറഞ്ഞ് ആ കൊച്ച്‌ ഇറങ്ങി പോരണോ?; കുറിപ്പ്

0
203

ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയവും വിവാഹ വാ​ഗ്ദാനം നടത്തി വഞ്ചിച്ചതും ഒടുവില്‍ റംസി എന്ന 24 കാരിയുടെ ജീവനെടുത്ത വിഷയത്തില്‍ വാദ പ്രതിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

റംസിയെ ആത്മഹത്യയിലേക്ക് എത്തിച്ച ഹാരിസിന് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നു തന്നെയാണ് പൊതു സമൂഹം ഒന്നായി ആവശ്യപ്പെടുന്നതും.

മറ്റൊരുത്തന് റംസി എന്തിന് സ്വന്തം ജീവിതം നശിപ്പിച്ചു എന്നും തന്നെ വേണ്ടാത്തവനെ ഉപേക്ഷിച്ച്‌ പുല്ലുപോലെ ഇറങ്ങി വരേണ്ടതല്ലായിരുന്നോ എന്ന് ചോദിക്കുന്ന സമൂഹത്തോടും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ആശാറാണി.

കുറിപ്പ് വായിക്കാം….

ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നു….

കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ചതും അതിനെ തുടര്‍ന്ന് അബോര്‍ഷനായതും, അയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതുമാണ് കാരണം എന്ന് പൊതുജനം ഒരു നിഗമനത്തില്‍ എത്തുന്നു….
തുടര്‍ന്ന് വിവാഹത്തിന് മുമ്പ് സെക്സ് നടക്കുന്നതും ഗര്‍ഭം ധരിക്കുന്നതും പാപാമാണന്ന് മതവാദികളും, സദാചാര കൂട്ടവും ഒരു പുറത്ത്.

ഇപ്പുറം വിവാഹപൂര്‍വ്വ ലെെംഗീകബന്ധം തെറ്റല്ലന്നും, തന്നെ വേണ്ടന്ന് വച്ചവനെ ഒരു ദിവസം മുമ്പേ വേണ്ടന്ന് വയ്ക്കണം എന്നും, തല ഉയര്‍ത്തി ജീവിക്കണം എന്നും വേറെ ഒരു പക്ഷം.
അപ്പോള്‍ ഒരാളുമായി പത്ത് വര്‍ഷമായുളള വളരെ വെെകാരികമായ ഒരു ബന്ധത്തില്‍ സംഭവിച്ച വിശ്വാസവഞ്ചന, ആ പെണ്‍കുട്ടി അത്ര കാലം ആ ബന്ധത്തില്‍ നടത്തിയ ഇമോഷണല്‍ ഇന്‍വെസ്റ്റ്മെന്റുകള്‍, അവരുടെ സമയം, അതിലേക്ക് സ്പെന്റ് ചെയ്ത ജീവിതത്തിലെ പ്രധാന വര്‍ഷങ്ങള്‍ …

ഇവയൊക്കെ പോട്ട് പുല്ല് എന്ന് വയ്ക്കണം എന്നാണോ ആശ്വാസകമ്മറ്റിയും പാപബോധ കമ്മറ്റിയും ഒരുപോലെ പറയുന്നത്??? രണ്ട് വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാകണം, അതില്‍ പാലിക്കേണ്ട മര്യാദകള്‍ ഇവയെ പറ്റി വലിയ ധാരണയൊന്നും ഇപ്പോഴും നമുക്കില്ല എന്നതാണ് സത്യം.

വ്യക്തികള്‍ക്ക് അനുസൃതമായി അവരുടെ ബന്ധങ്ങളും അതിനോടുളള സമീപനങ്ങളും മാറും എന്നത് സത്യമാണ് … എന്നാല്‍ പോലും ചില പൊതുകാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സ്നേഹബന്ധങ്ങള്‍ ഉണ്ടാകുമ്പോൾ തന്നെ അതിലേക്ക് പിന്നീടൊരിക്കലും എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം വെെകാരികമായി കൂപ്പുകുത്തി വീഴാതിരിക്കാനുളള പഠനം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ നേടണം എന്നാണ് തോന്നുന്നത് .. പ്രണയമോ സൗഹൃദമോ എന്തുമാകട്ടെ ബന്ധങ്ങള്‍ ഹെല്‍ത്തിയായി കൊണ്ടുപോകാന്‍ അവനവന് ഒരു സ്കെയില്‍ എപ്പോഴും സെറ്റ് ചെയ്യണം….

സെക്സ് പാപമല്ല എന്നത് പോലെ തന്നെ സെക്സ് ഉത്തരവാദിത്വപരമാകാനും പഠിക്കേണ്ടതുണ്ട്. സെക്സ് നടത്താനുള്ള പരസ്പര സമ്മതം, ആ സമ്മതം ആര്‍ജ്ജിക്കേണ്ട സമയത്ത് സത്യസന്ധരായിരിക്കേണ്ടത്, (ഉദാഹരണത്തിന് ഇവിടെ സംഭവിച്ചത് പോലെ വിവാഹം നടക്കും എന്ന ഉറപ്പിന്മേലുളള വെെകാരിക ബന്ധം ചൂഷണം ചെയ്ത് കണ്‍സെന്റ് വാങ്ങുന്നത് പോലുളളവ ) അവനവന് തന്നെ പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങളും തെറ്റായ വിവരങ്ങളും നല്‍കാതിരിക്കല്‍ , ഭീഷണിപ്പെടുത്തിയോ, വെെകാരികമായി സമ്മര്‍ദ്ദപ്പെടുത്തിയോ സമ്മതം വാങ്ങതിരിക്കല്‍ etc ഇതൊക്കെ പഠിക്കേണ്ടതുണ്ട്.

സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയമില്ലാതെ സെക്സ് നടക്കും എന്നൊക്കെ പറഞ്ഞാലും ഭൂരിപക്ഷം സ്ത്രീകളും പ്രണയത്തോടെ ഉളള സെക്സ് ആസ്വദിക്കുന്നവരും തിരഞ്ഞെടുക്കുന്നവരുമാണ് . അത്തരം അവസ്ഥകളില്‍ സെകസ് മാത്രമാണ് ഉദ്ദേശമെങ്കില്‍ മാന്യമായി പറയുന്നത് നല്ലകാര്യമാണ്. തിരിച്ചും.മറ്റൊരാളെ സെക്സിലേക്ക് നയിക്കാന്‍ വെെകാരിക ബന്ധങ്ങളുടെ നാടകം ഉണ്ടാക്കുന്നത് ശരിയല്ല. അതുപോലെ സെക്സ് സംഭവിച്ചു എന്നത് കൊണ്ട് ഉണ്ടായേക്കാവുന്ന അടുപ്പങ്ങളേയും പരസ്പരം ഹര്‍ട്ട് ചെയ്യാതെ പരിഹരിക്കേണ്ടതുണ്ട്.

സമൂഹത്തിലെ പ്രിവിലേജ്ഡ് അല്ലാത്ത പെണ്‍കുട്ടികളെ സംബന്ധിച്ച്‌ തന്നേക്കാള്‍ സാമൂഹ്യ അധികാരവും പ്രിവലേജുകളും ഉളള വ്യക്തികളില്‍ നിന്നുളള അപ്രോച്ചുകളെ ശ്രദ്ധയോടെ തന്നെ സമീപക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. കാരണം അണ്ടര്‍ പ്രിവിലേജ്ഡ് സ്ത്രീകളെ ലെെംഗീക ശരീരങ്ങളായി മാത്രം കാണാനും അത്തരം സ്ത്രീകള്‍ക്കെതിരെ സ്വഭാവഹത്യ ആരോപിക്കാനും ലെെംഗീക കഥകള്‍ ഉണ്ടാക്കാനും , സാഹചര്യമുണ്ടെങ്കില്‍ ആക്രമണങ്ങള്‍ നടത്താനും യാതൊരു കുറ്റബോധമോ മടിയോ ഇല്ലാത്ത സമൂഹമാണിത്. അത്തരം സാഹചര്യങ്ങളോട് നിരന്തരം പോരാടി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിശ്വാസ തകര്‍ച്ചകളോ ലെെംഗീക ചൂഷണങ്ങളോ ലാഘവത്തോടെ ഒാവര്‍ കം ചെയ്യാനുളള ഒരു മെക്കാനിസം ഇവിടെ ഇല്ല.

സമൂഹം കെട്ടിയേല്പിച്ച സാമൂഹ്യ പിന്നാക്കവസ്ഥ കടമ്ബകളുടെ ഒപ്പം നമ്മള്‍ തന്നെ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും കൂടിയാകുമ്പോൾ അതിജീവനം കൂടുതല്‍ കഠിനമാകും

LEAVE A REPLY

Please enter your comment!
Please enter your name here