ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി നാളെ; പ്രതിപട്ടികയില്‍ എല്‍ കെ അദ്വാനിയും ഉമാ ഭാരതിയുമടക്കം 45 പേര്‍

0
381

ദില്ലി: (www.mediavisionnews.in) അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളീമനോഹര്‍ ജോഷി തുടങ്ങിയവര്‍ പ്രതിയായ കേസിലാണ് നാളെ വിധി പുറപ്പെടുവിക്കുക. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് പൊളിച്ചുനീക്കിയത്. അന്ന് തന്നെ കര്‍സേവകര്‍ക്കെതിരെ ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും ഉമാഭാരതിയെയും പ്രതിചേര്‍ത്തത്.  ഇവരെയടക്കം 45 പേരെയാണ് അധികമായി പ്രതി ചേര്‍ത്തത്.

1993ല്‍ ഈ കേസിനായി പ്രത്യേക സിബിഐ കോടതി രൂപീകരിച്ചു. 2017ല്‍ സുപ്രീം കോടതി കേസ് ലഖ്‌നൗ കോടതിയിലേക്ക് മാറ്റി. 2019ല്‍ ജൂലായില്‍ ഒമ്പത് മാസത്തെ കാലാവധിക്കുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പിന്നീട് സ്‌പെഷ്യല്‍ ജഡ്ജി ആറ് മാസം കൂടി സമയം നീട്ടിച്ചോദിച്ചു. പിന്നീട് ഓഗസ്റ്റ് 31നകം വിധിപറയണമെന്ന് നിര്‍ദേശിച്ചു. ഓഗസ്റ്റില്‍ വീണ്ടും സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റി. ഇന്ത്യയുടെ മതേതരത്വത്തിനേറ്റ അടിയാണ് ബാബരി ധ്വംസനമെന്ന് 2017ല്‍ കോടതി നിരീക്ഷിച്ചു.

അദ്വാനിയുള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും പള്ളി നിര്‍മ്മാണത്തിനായി അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു വിധി. 

LEAVE A REPLY

Please enter your comment!
Please enter your name here