തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ളി തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണ് ഇക്കാര്യം പരിഗണിക്കുന്നത്. നവംബര്‍ 11-ന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലാകും.
തിരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച് സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാല്‍ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ അവസാനം രണ്ട് ഘട്ടങ്ങളായി നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തല്‍ക്കാലം നീട്ടിവെക്കാം എന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുന്നു എന്നാണ് വിവരം.
നവംബര്‍ 11-ന് ശേഷം പുതിയ ഭരണസമിതികള്‍ നിലവില്‍ വന്നില്ലെങ്കില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. സ്‌പെഷല്‍ ഓഫീസറോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാവുക. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല.
എന്നാല്‍, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ഭരണസമിതി നിലവില്‍ വരുന്നതുവരെ ഇപ്പോഴത്തെ ഭരണസമിതികളുടെ കാലാവധി നീട്ടിക്കൊണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.