ട്രിപ്പിളടിച്ചു, വൈദ്യുതി വകുപ്പുജീവനക്കാരന്റെ ബൈക്ക് പോലീസ് പിടിച്ചു; സ്‌റ്റേഷനില്‍ പവര്‍കട്ട്‌

0
199

ചെന്നൈ: തമിഴ്‌നാട് വൈദ്യുതിഭവന്‍ (TANGEDCO) ജീവനക്കാരന്റെ വാഹനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിരുതുനഗറിലെ പ്രദേശിക പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് രണ്ട് മണിക്കൂര്‍. ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു സംഭവം.

വ്യാഴാഴ്ച കൂമപ്പട്ടി പോലീസ് വാഹനപരിശോധനയ്ക്കിടെ ട്രിപ്പിളടിച്ചെത്തിയ ബൈക്ക് തടഞ്ഞു നിര്‍ത്തി. യാത്രികര്‍ക്ക് ഹെല്‍മറ്റോ ലൈസന്‍സോ വാഹനത്തിന് മതിയായ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമായിരുന്നു. കൂടാതെ നമ്പര്‍ പ്ലേറ്റ് കൃത്യമായി ഉറപ്പിച്ചിരുന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

തുടര്‍ന്ന് പോലീസ് ബൈക്ക് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമായിരുന്നതിനാല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ബൈക്ക് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കൂമപ്പട്ടി വൈദ്യുതിഭവന്‍ ഓഫീസില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറുടെ വിളിയെത്തി. വാഹനത്തിന്റെ രേഖകളുമായെത്തിയാല്‍ ബൈക്ക് വിട്ടു നല്‍കാമെന്ന് പോലീസ് അറിയിച്ചു. 

രാത്രി 8.15 ഓടെ പോലീസ് സ്‌റ്റേഷനില്‍ കറന്റ് പോയി. ആദ്യം പവര്‍കട്ടാണെന്ന് കരുതിയ പോലീസ് പിന്നീടാണ് ‘പകരം വീട്ടലാ’ണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിരുതനഗര്‍ പോലീസ് സൂപ്രണ്ട് പി പെരുമാളിനെ വിവരമറിയിച്ചു. എസ്പി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതിഭവന്‍ ജീവനക്കാരനെതിരെ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here