അഹമ്മദാബാദ്: മാസങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ടയാൾ ‘ജീവനോടെ’ വീട്ടിൽ തിരിച്ചെത്തിയതിന്‍റെ ഞെട്ടലിലാണ് ഒരു നാട്. അതേ ആളെ കൊലപ്പെടുത്തിയ കേസിൽ സഹോദരമാർ ഇപ്പോഴും ജയിലിലാണ്. ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഖാർപാഡ ഗ്രാമത്തിലാണ് സംഭവം. കൊലചെയ്യപ്പെട്ടയാളെന്ന് കരുതി സംസ്ക്കരിച്ചത് ആരുടെ മൃതദേഹമാണെന്നാണ് ഇപ്പോൾ നാട്ടുകാരും വീട്ടുകാരും പരസ്പരം ചോദിക്കുന്നത്.
ഇസ്രി പോലീസ് സ്റ്റേഷന്റെ പ്രദേശപരിധിയിലാണ് സംഭവം. തൊഴിലാളിയെ ഈശ്വർ മനാത്ത് കൊലചെയ്യപ്പെട്ട സംഭവത്തിലാണ് ഏറെ വിചിത്രമായ കാര്യങ്ങൾ നടന്നിരിക്കുന്നത്. ഈശ്വർ വീട്ടിൽ മടങ്ങിയെത്തിയ സംഭവം അറിഞ്ഞതോടെ ഗാന്ധിനഗർ ഇൻസ്പെക്ടർ ജനറൽ അഭയ് ചുദാസാമ ഇടപെട്ട് ഇസ്രി ഇൻസ്പെക്ടർ ആർ ആർ തബിയാദിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ മോതി മോറി ഗ്രാമത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും നാട്ടുകാരിൽ നിന്നുള്ള സ്ഥിരീകരണത്തിന്റെയും അടിസ്ഥാനത്തിൽ, ഇത് ഈശ്വർ മനാത്തിന്‍റെ ശരീരമാണെന്ന് പോലീസ് നിഗമനത്തിലെത്തി. മൃതശരീരത്തിന്റെ കാലിൽ ഒരു ഇരുമ്പ് വടി കണ്ടെത്തിയതോടെയാണിത്. ഈശ്വർ മനാത്തിന്റെ കാലിലും സമാനമായ ഒരു ഇരുമ്പു വടി ഉണ്ടായിരുന്നു.
അതിനുശേഷം, അന്വേഷണ ഉദ്യോഗസ്ഥർ മനാത്തിന്റെ രണ്ട് സഹോദരന്മാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവർ കറ്റം സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിക്കുകയും ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. സ്വത്ത് തട്ടിയെടുക്കാൻവേണ്ടി ഇവർ സഹോദരനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പൊലീസ് ഭാഷ്യം.
എന്നാൽ തന്‍റെ സഹോദരൻമാർ നിരപരാധികളാണെന്ന് ഈശ്വർ പറഞ്ഞു. ചെയ്തിട്ടില്ലാത്ത കുറ്റകൃത്യം ഏറ്റുപറയാൻ പൊലീസ് ഉദ്യോഗസ്ഥർ സഹോദരങ്ങളെ നിർബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. കോവിഡ് -19 വ്യാപനത്തെത്തുടർന്ന് സർക്കാർ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ താൻ ജുനഗഡിൽ കുടുങ്ങിയതായും അദ്ദേഹം പറഞ്ഞു. ഈശ്വർ തിരികെ വന്നതോടെ ഫെബ്രുവരിയിൽ സംസ്‌കരിച്ച മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തത് പോലീസ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി.