‘കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടും പൊലീസ് ക്രൂരമായി മർദ്ദിച്ചു’; കെപിസിസി അംഗത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

0
311

മലപ്പുറം: പൊലീസ് അക്രമം നടത്തിയെന്ന കെപിസിസി അംഗത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. മലപ്പുറം പോലീസ് സ്റ്റേഷനിലെ എൽ. ഹരിലാൽ എന്ന സിവിൽ പൊലീസ് ഓഫീസർക്ക് എതിരെയാണ് കെപിസിസി അംഗം അഡ്വ.കെ.ശിവരാമൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച യൂത്ത് കോണ്ഗ്രസ് മാർച്ചിനിടെയാണ് സംഭവം ഉണ്ടായത്. മലപ്പുറം കുന്നുമ്മലിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാന്റിനടുത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചു എന്നാണ് ശിവരാമന്റെ പരാതി.

കഴിഞ്ഞ മാസം 31ന് പി എസ് സി ചെയർമാന്റെ വസതിയിലേക്ക് നടന്ന മാർച്ചിനിടയിലും ശിവരാമന് പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റിരുന്നു.  തുടർന്ന് ഇടതു കൈവിരലുകൾക്ക് പൊട്ടൽ സംഭവിച്ച് കൈ പ്ലാസ്റ്ററിട്ട അവസ്ഥയിലായിരുന്നു ശിവരാമൻ.  എന്റെ കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും  കേൾക്കാതെ പൊലീസ് മർദ്ദിച്ചുവെന്നും ശിവരാമൻ പരാതിയിൽ പറയുന്നു.

കളക്ട്രേറ്റ് ഗേറ്റിൽ നിന്ന് ഏകദേശം 200 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലമായിരുന്നു KSRTC യുടെ മുൻവശം. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. ആ പ്രദേശത്ത് ആൾക്കൂട്ടമോ സംഘർഷമോ യാതൊന്നും ഉണ്ടായിരുന്നില്ല.  അത് മാത്രമല്ല കളക്‌ടറേറ്റിനു മുന്പിലെ യൂത്ത് കോൺഗ്രസ്സ് മാർച്ച് അവസാനിച്ച അവസ്ഥയിലുമായിരുന്നു- ശിവരാമൻ വിശദീകരിക്കുന്നു.

ലാത്തി ചാർജിൽ പരിക്ക് പറ്റിയ ശിവരാമൻ മലപ്പുറം കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകുന്നതും മറ്റ് നിയമ നടപടികൾ തേടുന്നതും  കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചു ചെയ്യുമെന്ന് ശിവരാമൻ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്ന് മലപ്പുറം പൊലീസ് പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here