കേരളത്തിലേത് അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസ്; കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി പഠനങ്ങള്‍

0
160

കോഴിക്കോട്: സംസ്ഥാനത്തുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വൈറസിന്റെ വ്യാപനശേഷിയെപ്പറ്റി പരാമര്‍ശിക്കുന്നത്. മീഡിയവണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെപ്പറ്റിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ നിന്നും കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പതിന്നാല് ഡോക്ടര്‍മാരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. വടക്കന്‍ കേരളത്തിലെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.

അതേസമയം രാജ്യത്ത് കൊവിഡ് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ അവസാനിക്കുന്നതോടെയാണ് കൊവിഡ് പ്രതിസന്ധി ഗുരുതരമായേക്കാമെന്ന് മന്ത്രി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുതെന്നും എല്ലാവര്‍ക്കും ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോളനികളിലേക്ക് രോഗം പടരാരിതിരിക്കാന്‍ എം.എല്‍.എമാര്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കടുത്തതാണ്. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളം ഇതുവരെ പൊരുതി നിന്നു. കര്‍ണാകയിലെയും തമിഴ്നാട്ടിലെയും പോലെ രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ കേരളത്തില്‍ മരണ സംഖ്യ 1000 കടക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അത് തടയാനായത് കേരളത്തിന്റെ യോജിച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here