തിരുവനന്തപുരം: (www.mediavisionnews.in) മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ 8 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും സ്വാഭാവിക നീതി നിഷേധവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ ലക്ഷക്കണക്കിന് കർഷകരുടെ വികാരമാണ് രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി ഉന്നയിച്ചത്. കോർപ്പറേറ്റുകൾക്കായി ഏതറ്റംവരെയും പോകാൻ മടിക്കാത്ത മോദി സർക്കാരിന്റെ കാർഷിക ബില്ലുകളിലെ കർഷക വിരുദ്ധത തുറന്നുകാട്ടുകയാണ് പ്രതിപക്ഷ എം.പിമാർ ചെയ്തത്. പ്രമേയം വോട്ടിനിടണമെന്ന ആവശ്യത്തെപ്പോലും തള്ളി ശബ്ദവോട്ടെടുപ്പിലൂടെ ബില്ലുകൾ പാസാക്കി സഭാ ചട്ടങ്ങളെല്ലാം ലംഘിച്ചും പ്രതിപക്ഷാംഗങ്ങളെ അടിച്ചമർത്തിയും മുന്നോട്ടുപോകാനുള്ള കേന്ദ്രസർക്കാർ നീക്കം ഏകാധിപത്യപരമാണ്.
ആരോഗ്യകരമായ സംവാദങ്ങളിലൂടെയും വിമർശനങ്ങളിലൂടെയുമാണ് ജനാധിപത്യ പ്രക്രിയ മുന്നോട്ടുപോകുന്നത്. ഇത്തരം വിമർശനങ്ങളോട് അസഹിഷ്ണുതയോടെയുള്ള ശത്രുതാമനോഭാവത്തോടുകൂടി പ്രതികരിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യ കശാപ്പാണ് നടത്തുന്നത്. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്ന ബിജെപി സർക്കാർ തന്നെ രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്ന ആരോപണത്തിന്മേൽ എളമരം കരീം, കെ.കെ.രാഗേഷ്, ഡെറിക് ഒബ്രയാൻ, സഞ്ജയ് സിംഗ്, രാജു സതവ്, റിപുൻ ബോറ, ഡോല സെൻ, സയ്യീദ് നാസിർ ഹുസൈൻ എന്നീ എം.പിമാരെയാണ് സസ്‌പെന്റ് ചെയ്തത്.
പാർലമെന്ററി വിദേശകാര്യമന്ത്രി വി.മുരളീധരന്റെ പ്രമേയത്തിന്മേൽ ശബ്ദവോട്ടെടുപ്പോടെയാണ് സമ്മേളന കാലയളവ് കഴിയുന്നതുവരെ പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്തത്. ഒരു സസ്‌പെൻഷനിലൂടെ രാജ്യത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്താനാകില്ല. സാധാരണക്കാർക്കുവേണ്ടിയുള്ള ശബ്ദം ഇനിയും ഉയരും. ഫാസിസ്റ്റുഭരണകൂടത്തിന്റെ അടിവേരറക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്‌പെൻഷൻ കൂടുതൽ ഊർജ്ജം പകരുകയേ ഉള്ളൂ.
കർഷക താൽപര്യം സംരക്ഷിക്കാൻ പാർലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടങ്ങൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ അടിച്ചൊതുക്കുന്ന മോദിയും കൂട്ടരും എതിർശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണെന്ന് വീണ്ടും തെളിയിക്കുകയാണ്. വോട്ടെടുപ്പിനുള്ള അവസരം നിഷേധിച്ചും പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരെ നടപടിയെടുത്തും ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലുകൾ പാസ്സാക്കിയും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പ്രതിപക്ഷ എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.