ന്യുഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാര്‍ നടത്തിയ മുസ്ലിം വംശഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട് ആറ് മാസമായി ഡല്‍ഹി മണ്ടോളി സെന്‍ട്രല്‍ ജയിലിലായിരുന്ന മുസ്തബാദ് സ്വദേശി ഇല്യാസിന് ജാമ്യം ലഭിച്ചു. ഡല്‍ഹി കെ.എം.സി.സിയുടെ നിയമസഹായ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കാടതി ഇല്യാസിന് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി അവസാനത്തില്‍ നടന്ന മുസ്ലിം വംശഹത്യയെ തുടര്‍ന്ന് പൊലിസ് അന്വേഷണങ്ങളുടെ ഭാഗമായി മാര്‍ച്ച് 17നാണ് 28കാരനായ ഇല്യാസിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്യുന്നത്. നിത്യ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഇല്യാസിന്റെ മാതാപിതാക്കള്‍ക്ക് കേസിന്റെ നാള്‍വഴികളില്‍ പൊലിസ് തീര്‍ത്ത പ്രതിബന്ധങ്ങളെ മറികടക്കാനാകുമായിരുന്നില്ല.
തുടര്‍ന്ന് കെ.എം.സി.സി നിയമ സഹായം നല്‍കുകയും കേസ് ഏറ്റെടുക്കുകയും ചെയ്തു. രണ്ട് എഫ്.ഐ ആറുകളാണ് ഇല്യാസിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. മെയ് മാസത്തില്‍ ആദ്യ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അപ്പോഴാണ് മറ്റൊരുകേസ് കൂടി അദ്ദേഹത്തിനെതിരെ ചുമത്തുന്നത്. ഇപ്പോള്‍ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇല്യാസിന് പുറത്തിറങ്ങാനായത്.
‘ജയിലിനു പുറത്ത് നിന്ന് ഇനി പുറം ലോകം കാണാനും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുമാകുമെന്നോ കരുതിയതല്ല, നിയമപ്പോരാട്ടത്തില്‍ സഹായിച്ചതിന് ഒരുപാട് നന്ദി’ എന്നായിരുന്നു ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇല്യാസിന്റെ പ്രതികരണം.
ഡല്‍ഹി വംശഹത്യയുടെ ഇരകളായ മുസ്‌ലിം യുവാക്കളെ തന്നെ വ്യാപകമായി വേട്ടയാടുകയാണ് ഡല്‍ഹി പൊലിസ്. നിരവധി ചെറുപ്പക്കാരാണ് ഇല്യാസിനെ പോലെ മാസങ്ങളായി ജയിലില്‍ കിടക്കുന്നത്. അവര്‍ക്കൊക്കെ നിയമപരമായി ഗുണമുണ്ടാക്കുന്നതാണ് ഈ കോടതി വിധി.
കെഎംസിസിക്ക് വേണ്ടി അഡ്വ.ആദില്‍ സൈഫുദ്ദീന്‍ ആണ് കോടതിയില്‍ ഹാജരായത്.
ഭാരവാഹികളായ അഡ്വ.ഹാരിസ് ബീരാന്‍ അഡ്വ.മര്‍സൂഖ് ബാഫഖി, മുഹമ്മദ് ഹലീം, ജിഹാദ് പി.പി, അജ്മല്‍ മുഫീദ്, അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി.