അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവ ഹാജി. ദുഷ്പ്രാചരണം എന്‍റെ 51 കൊല്ലത്തെ രാഷ്ട്രീയ സമ്പാദ്യത്തെ വഴിതിരിച്ചു വിടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും 52 വർഷത്തിലേറെയായുള്ള എന്‍റെ രാഷ്ട്രീയ ജീവിതം മുസ്‌ലിം ലീഗിന്‍റെ മൂശയിൽ കടഞ്ഞെടുക്കപ്പെട്ടതും സുതാര്യവും സംശുദ്ധവുമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി ബാവഹാജി 10 ലക്ഷം രൂപ നല്‍കിയതിനെതിരെ ലീഗില്‍ പുതിയ വിവാദം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യത ചോദ്യംചെയ്ത് കെ.എം ഷാജിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ സ്വന്തം പാർട്ടിയുടെ നേതാവ് തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയതാണ് ലീഗിന് തലവേദന സൃഷ്ടിച്ചിരുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;
പ്രിയ സഹോദരങ്ങളെ,
ഞാൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിയമസഭാ തെരെഞ്ഞെടുപ്പിൽ മൽസരിക്കും എന്ന് ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നുണ്ട്.
52 വർഷത്തിലേറെയായുള്ള എൻ്റെ രാഷ്ട്രീയ ജീവിതം മുസ്ലീം ലീഗിൻ്റെ മൂശയിൽ കടഞ്ഞെടുക്കപ്പെട്ടതും സുതാര്യവും സംശുദ്ധവുമാണ്.
പാണക്കാട്ടെ തങ്ങൾമാരുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ലാതെ ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെയാകും. (ഇ അ )
ദുഷ്പ്രചരണം എൻ്റെ 51 കൊല്ലത്തെ രാഷ്ട്രീയ സമ്പാദ്യത്തെ വഴിതിരിച്ചു വിടുവാൻ ഉദ്യേശിച്ചിട്ടുള്ളതാണ്.
ചെറുതും വലുതും ഔദ്യോഗികവും അനൗദ്യോഗികവുമായ അനേകം ചുമതലകൾ പാർട്ടി എന്നെ ഏൽപ്പിച്ചിട്ടുണ്ട്. അത് ഉത്തരവാദിത്വത്തോടും കാര്യക്ഷമതയോടും ചെയ്തു വരുന്നു.
അധികാരത്തിനായി രാഷ്ട്രീയ ശത്രുക്കളുടെ മുമ്പിൽ പോകുന്ന ആളല്ല ഞാൻ.
അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി വിട്ടു പോകില്ല.
അതെൻ്റെ ആത്മാവാണ്.
ഡോ.സി.പി.ബാവാ ഹാജി
വൈസ് പ്രസി.
സംസ്ഥാന മുസ്ലീം ലീഗ്