‘അമിതവണ്ണവും പ്രമേഹവുള്ള ചെറുപ്പക്കാരില്‍ കൊവിഡ് രോഗം മരണകാരണമായേക്കാം’; പുതിയ പഠനങ്ങള്‍

0
371

ന്യൂദല്‍ഹി: ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് പുതിയ പഠനങ്ങള്‍. അമിത വണ്ണവും കൂടിയ രക്തസമ്മര്‍ദ്ദവും, പ്രമേഹവുള്ള 35 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് രോഗം മൂര്‍ഛിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത് മരണത്തിലേക്ക് വരെ നയിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

യു.എസ്.എയിലെ 419 ആശുപത്രികളില്‍ ഏപ്രില്‍ 1 നും ജൂണ്‍ 30 നും ഇടയില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 3,222 ചെറുപ്പക്കാരുടെ ക്ലിനിക്കല്‍ പ്രൊഫൈലുകളുടെ വിശകലനത്തില്‍ നിന്നും 21% പേര്‍ക്ക് തീവ്രപരിചരണം ആവശ്യമാണെന്ന് കണ്ടെത്തി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 % പേര്‍ക്കും മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമായി വന്നു. ഇതില്‍ 2.7% പേരാണ് മരണത്തിന് കീഴടങ്ങിയത്.

അമിത വണ്ണം രക്താതിസമ്മര്‍ദ്ദം, എന്നിവയുള്ള ചെറുപ്പക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച രോഗം മൂര്‍ഛിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജാമ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുപ്പക്കാരില്‍ 36.8% പേര്‍ അമിതവണ്ണമുള്ളവരാണ്. 24.5% പേര്‍ക്ക് രോഗാവസ്ഥയിലുള്ള അമിതവണ്ണമാണുള്ളത്.

ഇതില്‍ തന്നെ 18.2% പേര്‍ക്ക് പ്രമേഹവും 16.1% പേര്‍ക്ക് രക്തസമ്മര്‍ദ്ദവുമുണ്ട്. കൊവിഡ് രൂക്ഷമാകാനുള്ള അനുകൂല ഘടകങ്ങളാണിതെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലും കൊവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്‍മാര്‍ക്കാണെന്ന് ചില പഠനറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളില്‍ 69 ശതമാനവും പുരുഷന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here