“786 എന്ന് പച്ച കുത്തിയ കൈ അറക്കവാള്‍ കൊണ്ട് വെട്ടിമാറ്റി”: അഖ്‌ലാക്ക് നേരിട്ട ഭയാനകമായ അനുഭവം വിവരിച്ച്‌ സഹോദരൻ

0
232

സ്വന്തം നാട്ടിൽ മതിയായ ജോലി കണ്ടെത്താൻ കഴിയാതെ ബാർബറുമായ അഖ്‌ലാക്ക് (28) ഓഗസ്റ്റ് 23- ന് യു.പിയിലെ സഹാറൻപൂരിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള നാനൗട്ടയിലെ തന്റെ വീട്ടിൽ നിന്ന് ഹരിയാനയിലെ പാനിപത്തിലേക്ക് പുറപ്പെട്ടു.

“ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് ജോലിയില്ല. ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണ്,” അഖ്‌ലാക്കിന്റെ സഹോദരൻ ഇഖ്‌റം പറഞ്ഞതായി ടു സർക്കിൾസ്.നെറ്റ് റിപ്പോർട്ട് ചെയ്തു.

ഇഖ്‌റം പറയുന്നതനുസരിച്ച്, അഖ്‌ലാക്ക് പാനിപത്തിൽ എത്തിയപ്പോൾ കിഷൻപുര പ്രദേശത്ത് കുറച്ച് മിനിറ്റ് വിശ്രമിക്കാൻ ഇരുന്നു. “രണ്ടുപേർ വന്ന് അവന്റെ പേര് ചോദിച്ചു. അവന്റെ പേര് കേട്ടയുടനെ അവർ അവനെ അടിക്കാൻ തുടങ്ങി. പരിക്കേറ്റ നിലയിൽ അഖ്‌ലാക്കിനെ റോഡിൽ ഉപേക്ഷിച്ചു,” ഇഖ്‌റം പറഞ്ഞു.

മർദ്ദനമേറ്റ അഖ്‌ലക്കിന് ദാഹം തോന്നിയതിനെ തുടർന്ന് അയാൾ അടുത്തുള്ള ഒരു വീടിന്റെ വാതിലിൽ മുട്ടി വെള്ളം ചോദിച്ചു. “പക്ഷേ, വീട്ടിലെ ആളുകൾ അവനെ അകത്തേക്ക് വലിച്ചിഴച്ച് വടി കൊണ്ട് അടിക്കാൻ തുടങ്ങി. മിനിറ്റുകൾക്ക് മുമ്പ് തന്നെ മർദ്ദിച്ചവർ തന്നെയാണ് അതെന്ന് അഖ്‌ലാക്ക് ഞെട്ടലോടെ മനസ്സിലാക്കി,” ഇഖ്‌റം കൂട്ടിച്ചേർത്തു.

“വീട്ടിൽ നാല് പുരുഷന്മാരും 2 സ്ത്രീകളും ഉണ്ടായിരുന്നു,” എന്ന് ഇഖ്‌റമിനോട് അഖ്‌ലാക്ക് പറഞ്ഞു.

“786 എന്ന് അഖ്‌ലാക്കിന്റെ കൈയിൽ എഴുതിയത് കണ്ടപ്പോൾ, ഇത് കൈയിൽ എഴുതാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു, അവർ അവന്റെ വലതു കൈ ഒരു അറക്കവാൾ കൊണ്ട് മുറിച്ചുമാറ്റി,” ഇഖ്‌റം പറഞ്ഞു.

“അഖ്‌ലക്കിന് ഗുരുതരമായ മർദ്ദനമേറ്റു, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിക്കുകളുണ്ട്,” ഇഖ്‌റം കൂട്ടിച്ചേർത്തു.

വെറും 15 വയസ്സുള്ളപ്പോഴാണ് സഹോദരന്റെ കൈയിൽ 786 എന്ന് പച്ചകുത്തിയത് എന്ന് ഇഖ്‌റം പറഞ്ഞു. “ഞങ്ങൾ 786 ൽ വിശ്വസിക്കുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നു,” ഇഖ്‌റം കൂട്ടിച്ചേർത്തു.

പുലർച്ചെ അഞ്ചുമണിയോടെ അഖ്‌ലകിന് ബോധം വന്നു ഒരു റെയിൽ‌വേ സ്റ്റേഷനിലാണ് താൻ കിടക്കുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞു.

പാനിപത്തിൽ നിന്ന് അജ്ഞാതനായ ഒരാൾ വിളിച്ചപ്പോഴാണ് താൻ സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് ഇഖ്‌റം പറഞ്ഞു.

“അഖ്‌ലാക്കിനെ റെയിൽ‌വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രെയിൻ‌ അപകടത്തിൽ‌ പരിക്കേറ്റതു പോലെ ചിത്രീകരിക്കുന്നതിനായി റെയിൽ‌വേ ട്രാക്കിൽ‌ എറിഞ്ഞു,” ഇഖ്‌റം പറഞ്ഞു.

അഖ്‌ലാക്കിനെ പിന്നീട് പാനിപത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇഖ്‌റം ആശുപത്രിയിലെത്തുമ്പോൾ ജിആർപി പൊലീസ് സ്റ്റേഷനിലെ എസ്. ഐ ബൽവാൻ അവിടെ സന്നിഹിതനായിരുന്നു.

അപകടം സംഭവിച്ചതാണെന്നാണ് എസ്.‌ഐ തന്നോട് പറഞ്ഞതെന്ന് ഇഖ്‌റം പറഞ്ഞു. “ കാര്യങ്ങളെ കുറിച്ച് അഖ്‌ലാക്കിനോട് തന്നെ ചോദിച്ചറിയാൻ ബോധം തെളിയുന്നതുവരെ കാത്തിരുന്നു,” ഇഖ്‌റം പറഞ്ഞു.

“അപകടം ഉണ്ടായതാണെന്ന് പറഞ്ഞ് കേസ് തള്ളാൻ പൊലീസ് അതിനകം തീരുമാനിച്ചിരുന്നതായി തോന്നുന്നു,” ഇഖ്‌റം പറയുന്നു.

തന്നെ തല്ലിച്ചതച്ച സ്ഥലത്തെ കുറിച്ച് അഖ്‌ലാക്ക് സഹോദരനോട് പറഞ്ഞു. സഹോദരനെ ക്രൂരമായി മർദ്ദിച്ച ആളുകളെ കുറിച്ച് അറിയാൻ ഇഖ്‌റം സ്ഥലത്തെത്തി അന്വേഷിച്ചു. അക്രമികൾ സൈനി സമുദായത്തിൽ നിന്നുള്ളവരാണെന്ന് അയാൾ മനസ്സിലാക്കി.

എസ്. ഐ. ബൽവാൻ അവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അവരെ വിട്ടയച്ചു. പാനിപ്പത്തിലെ ചാന്ദ്‌നി ബാഗ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

“ഇത് ഭീഷണിയാണ്, 786 എന്ന് കൈയിൽ എഴുതിയതിനാൽ അവർ അവന്റെ കൈ ഛേദിച്ചു,” ഇഖ്‌റം ക്രുദ്ധനായി പറഞ്ഞു.

അഖ്‌ലാക്കിനെ പിന്നീട് റോഹ്തക് ആശുപത്രിയിലേക്ക് മാറ്റി, അവിടെ നിന്ന് പോകാൻ അവർ ആവശ്യപ്പെട്ടതായി ഇഖ്‌റം പറയുന്നു. അഖ്‌ലാ ഇപ്പോൾ നാനൗട്ടയിൽ ചികിത്സയിലാണ്.

തന്റെ സഹോദരന് നീതി ലഭിക്കണമെന്നാണ് ഇഖ്‌റം ആവശ്യപ്പെടുന്നത്, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും അയാൾ പറയുന്നു.

കേസ് ചാന്ദ്‌നി ബാഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും അവർ കൂടുതൽ അന്വേഷണം നടത്തുമെന്നും എസ് ഐ ബൽവാൻ പറഞ്ഞതായാണ് ടു സർക്കിൾസ്.നെറ്റിന്റ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here