28 ദിവസത്തിനിടെ നാലരക്കോടി രൂപ പിഴ; നിര്‍ത്തിയിട്ട വണ്ടികള്‍ക്കും രക്ഷയില്ല ; നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
249

തിരുവനന്തപുരം: വാഹന പരിശോധനയിലും പിഴയിലും നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. 28 ദിവസങ്ങള്‍ക്കിടെ നാലരക്കോടി രൂപയാണ് പിഴ ശിക്ഷയായി പിരിച്ചെടുത്തത്. 20,623 പേരില്‍ നിന്നാണ് ഈ പിഴ ഈടാക്കിയത്.

ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പരിശോധനയ്ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍,വാഹനത്തിന്റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകും. ഇതോടെ ഉടമയുടെ ഫോണ്‍ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തുകയും ചെയ്യും.

തിരുവനന്തപുരം സിറ്റി,കൊല്ലം സിറ്റി,എറണാകുളം സിറ്റി,തൃശ്ശൂര്‍ സിറ്റി,കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.

വണ്ടികളില്‍ വരുത്തിയിട്ടുള്ള എല്ലാ തരം മോടി പിടിപ്പിക്കലുകളെയും നിലവില്‍ വാഹന വകുപ്പ് പിടികൂടിത്തുടങ്ങിയിട്ടുണ്ട്. അയ്യായിരം രൂപയാണ് ഇതിന് പിഴ. നിര്‍ത്തിയിട്ട വണ്ടികള്‍ക്കും ഇത്തരത്തില്‍ പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പിഴ ഈടാക്കിയതില്‍ 20,623 പേരില്‍ 776 പേര്‍ക്കും വാഹനത്തിലെ മോടിപിടിപ്പിക്കലിനാണ് പിഴ ഈടാക്കിയത്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പെറ്റിയടിച്ചത്, 4796 പേര്‍ക്കാണ് ജില്ലയില്‍ പിഴ ലഭിച്ചത്.

നിസാര കാര്യങ്ങള്‍ക്ക് പോലും വലിയ പിഴ ഉദ്യോഗസ്ഥര്‍ ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളിട്ട് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here