സെൽഫിയെടുക്കുന്നതിനിടെ അമ്മയും മൂന്ന് മക്കളും തിരയിൽപ്പെട്ടു, രണ്ടര വയസ്സുകാരനെ രക്ഷിക്കാനായില്ല

0
184

ആലപ്പുഴ : സെൽഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെട്ടു രണ്ടരവയസ്സുകാരനെ കടലിൽ കാണാതായി. പാലക്കാട്‌ കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയാണ് തിരയിൽപ്പെട്ട് കാണാതായത്. ഞായറാഴ്ച പകൽ രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടം.

തൃശ്ശൂരിൽ ഒരു കല്യാണത്തിൽ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്. മറ്റു കുട്ടികൾ ഏഴും എട്ടും വയസ്സുള്ളവരാണ്.

ഇന്ദിരാ ജങ്ഷനിൽ വാടകയ്ക്കു താമസിക്കുന്ന ബന്ധുവായ ബിനുവിന്റെ വീട്ടിലാണ് വന്നത്. അവിടെനിന്ന്‌ ബിനുവുമൊത്ത് ബീച്ചിലെത്തി. കുട്ടികളും അനിതയും സെൽഫിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വാഹനം റോഡിൽനിന്ന് മാറ്റിയിടാൻപോയ ബിനു തിരികെവരുമ്പോൾ കണ്ടത് അനിതയും കുട്ടികളും തിരയിലകപ്പെട്ട കാഴ്ചയാണ്. ബിനു എല്ലാവരെയും കരയിലേക്കുകയറ്റാൻ ശ്രമിച്ചെങ്കിലും ആദികൃഷ്ണ കൈവിട്ടുപോകുകയായിരുന്നു.

ദിവസങ്ങളായി കടൽ പ്രക്ഷുബ്ധമായതിനാൽ ബീച്ചിലേക്ക് ആരെയും പോലീസ് കടത്തിവിട്ടിരുന്നില്ല. അതുകൊണ്ട് ഇവർ ഇ.എസ്.ഐ. ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്തുകൂടിയാണ് ബീച്ചിലേക്കെത്തിയത്. മത്സ്യത്തൊഴിലാളികൾക്കുപോലും കടലിലേക്ക് ഇറങ്ങാൻവയ്യാത്ത സാഹചര്യമായതിനാൽ കുട്ടിക്കായുള്ള തിരച്ചിൽ തുടങ്ങാനായിട്ടില്ല. ഇവരുടെ ഫോൺ, കാറിന്റെ താക്കോൽ എന്നിവയും കടലിൽ നഷ്ടപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here