കാസർകോട്: ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരെ നടപടി ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എംഎൽഎ എം.രാജഗോപാലൻ. എംസി കമറുദ്ദീനെതിരെ പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ഇദ്ദേഹം കത്ത് നൽകി. നിയമസഭക്കും പൊതുസമൂഹത്തിനും എംസി കമറുദ്ദീൻ കളങ്കം വരുത്തിയെന്നും ചട്ടലംഘനം നടത്തിയെന്നും കത്തിൽ സിപിഎം നേതാവായ ഇദ്ദേഹം ആരോപിച്ചു.
അതേസമയം ജ്വല്ലറി നിക്ഷപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. നിക്ഷേപകരുടെ പരാതികളിൽ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസർകോട് ടൗൺ പൊലീസ് അഞ്ച് വഞ്ചന കേസുകളും രജിസ്റ്റർ ചെയ്തു. ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ രണ്ട് വണ്ടി ചെക്ക് കേസുകളടക്കം ഇതോടെ 41 വഞ്ചന കേസുകളായി. കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
മടക്കര, കാടങ്കോട് സ്വദേശികളായ നാല് പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ചന്തേര പൊലീസ് നാല് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഇതിനകം എംഎൽഎക്കതിരെ രജിസ്ററർ ചെയ്തത്. സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പിപി മൊയ്തീൻ കുട്ടിക്കാണ് അന്വേഷണ ചുമതല. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരൻ, ഇൻസ്പെക്ടർമാരായ അബ്ദുൾ റഹീം, മാത്യ, മധൂസൂദനൻ എന്നിവരും അന്വേഷണ സംഷത്തിലുണ്ട്. 13 എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും ലോക്കൽ പൊലീസിൽ നിന്ന് കൂടുതൽ കേസ് ഫയലുകൾ കിട്ടാനുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്പി പിപി മൊയ്തീൻ കുട്ടി അറിയിച്ചു. എംഎൽഎയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഇതിന് ശേഷമാകും തീരുമാനിക്കുക.