തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്. 22 പേര്‍ മരിച്ചു. 61791 പേര്‍ ചികിത്സയില്‍. 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ. ഉറവിടം അറിയാത്ത 672 പേര്‍. രോഗബാധ സ്ഥിരീകരച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. 24 മണിക്കൂറില്‍ 52755 സാമ്പിളുകള്‍ പരിശോധിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിൽ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സമരത്തിലും നിയന്ത്രണം വേണം. ആൾക്കൂട്ടം ഒഴിവാക്കണം. സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു.ലോക്ക് ഡൗണിന് ശേഷം വിവിധ മേഖലകൾ തുറന്നു. അസംഘടിത മേഖലയ്ക്ക് ഇത് ആവശ്യമാണ്. കമ്പോളത്തിലും റീട്ടെയില്‍ കടകളിലും തുടക്കത്തിലെ ജാഗ്രതയ്‍ക്ക് കുറവുണ്ടായി. ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. നിലവിലെ സംവിധാനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെടണം. ലോക്ക് ഡൗണിന് ശേഷം രാജ്യത്തെമ്പാടും എല്ലാ മേഖലകളും തുറക്കുന്നു. അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിൽ ശക്തിക്ക് ഉപജീവനത്തിന് തുറന്ന് പ്രവർത്തിക്കൽ ആവശ്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കലും പ്രധാനം. വീഴ്ച ഉണ്ടാകരുത്.
നാളിതുവരെ നല്ല പിന്തുണ ലഭിച്ചു. ചില ഘട്ടത്തിൽ സങ്കുചിത താത്പര്യങ്ങൾ പൊന്തിവന്നു. രോഗവ്യാപനം വലിയ ഭീഷണിയായി പത്തിവിടർത്തുന്നു. ഇത്തരം പ്രവണത ഇനി ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സ്ഥിതി ഇനി അതിസങ്കീർണമാകും. പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം തേടി. നിലവിലെ സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ ഭാഗത്ത് നിന്നും പ്രവർത്തനം വേണം. അണികളെ ജാഗ്രത പെടുത്താൻ നേതൃത്വം തയ്യാറാവണം. നാടിനെയും ജനത്തെയും സംരക്ഷിക്കുന്ന പ്രവർത്തനമേ ഉണ്ടാകാവൂ. ഈ അഭ്യർത്ഥന എല്ലാവരും സ്വീകരിച്ചു.
വിശദമായ ചർച്ച നടന്നു. ചില കാര്യത്തിൽ എല്ലാവരും യോജിച്ചു. ഒറ്റക്കെട്ടായി നീങ്ങാൻ എല്ലാവരും തീരുമാനിച്ചു. ഏകീകൃതമായി കൊവിഡിനെ പ്രതിരോധിക്കാൻ മാനദണ്ഡം പാലിക്കണമെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. ഈ സാഹചര്യം നേരിടാൻ ഇപ്പോഴത്തെ ഘട്ടത്തിൽ ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനോട് എല്ലാവരും യോജിച്ചു. പരിപാടികൾ നടക്കുമ്പോൾ നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ. അതിൽ വിവാഹമായാലും മരണമായാലും സാമൂഹികമായ മറ്റ് ചടങ്ങായാലും രാഷ്ട്രീയ പരിപാടിയായാലും ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ തീരുമാനിക്കും. അത് പാലിക്കണമെന്ന് തീരുമാനിച്ചു.
എല്ലാ കാര്യത്തിലും കൊവിഡ് വ്യാപനം തടയുക എന്നതിനാണ് പ്രാമുഖ്യം. എല്ലാവരും ഇത് അഅംഗീകരിച്ചു. ഇന്നത്തെ പൊതുവായ അവസ്ഥ മലപ്പുറത്ത് രോഗികളുടെ എണ്ണം ഇന്ന് 1040 ആണ്. അതിൽ 970 സമ്പർക്കമാണ്. തിരുവനന്തപുരത്ത് മിക്ക സ്ഥലത്തും രോഗബാധയുണ്ട്. 935 പേർക്ക് ഇന്ന് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 988 പേർക്ക് ഉറവിടം അറിയില്ല. ഇന്നത്തെ കണക്ക് ഇതിന് പുറമെയാണ്. ഈ കാലയളവിൽ 15 വയസിന് താഴെയുള്ള 567 കുട്ടികളും 60 ലേറെ പ്രായമുള്ള 786 പേർക്കും കൊവിഡ് ബാധിച്ചു.നിയന്ത്രണത്തിൽ ഇളവ് ദുരുപയോഗം ചെയ്യുന്ന പ്രവണത തലസ്ഥാനത്തുണ്ട്.