വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ? സി പി ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തില്ല, ഫോറൻസിക് റിപ്പോർട്ട്

0
169

വയനാട്: വൈത്തിരിയിൽ റിസോർട്ടിൽ വച്ച് മാവോയിസ്റ്റ് പ്രവർത്തകൻ സി പി ജലീലിനെ ഏറ്റുമുട്ടലിനിടെയാണ് കൊലപ്പെടുത്തിയതെന്ന പൊലീസ് വാദം പൊളിയുന്നു.  ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.  

ജലീൽ വെടിയുതിർത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ, ജലീൽ വെടിവച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.  ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമർപ്പിച്ച തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ല. ജലീലിൻ്റെ വലതു കയ്യിൽ നിന്നും ശേഖരിച്ച സാംപിളിലും  വെടിമരുന്നിൻ്റെ അംശമില്ലെന്ന് റിപ്പോർട്ടിലുണ്ട്. 

ജലീലിൻ്റെ ബന്ധുക്കളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരൻ പ്രതികരിച്ചു. ജലീലിനെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കൾ ഉൾപ്പടെ പലരും അന്ന് തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ കോടതിയെയും സമീപിച്ചിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്. 

കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉൾപ്പടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത് നൽകാൻ പാടില്ലെന്നും അങ്ങനെ ചെയ്താൽ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിന്റെ കുടുംബം കോടതിയെ സമീപിച്ചു. അങ്ങനെയാണ് അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് പൊലീസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. 

LEAVE A REPLY

Please enter your comment!
Please enter your name here