വീട്ടില്‍ ഗുണ്ടകളുടെ ഭീഷണി, പഠിക്കാന്‍ സാധിക്കുന്നില്ല, പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് എട്ടാംക്ലാസുകാരിയുടെ കത്ത്

0
238

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാംക്ലാസുകാരി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആനയറ വാഴവിള ആഞ്ജനേയത്തില്‍ സുജിത്ത് കൃഷ്ണയുടെ മകള്‍ ഗൗരി നന്ദന(13) ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. ഗുണ്ടകളെ സംരക്ഷിക്കുന്നത് ചില പൊലീസ് ഉദ്യോഗസ്ഥരാണെന്നും കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു. അതേസമയം ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ശംഖുമുഖം അസി കമ്മിഷണര്‍ ഐശ്വര്യ ഡോഗ്‌ലെ പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരിലാണ് പ്രശ്നങ്ങളെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, കേസ് ഒത്തു തീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. പിതാവ് വഴങ്ങാത്തതിനെ തുടര്‍ന്ന് രണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍ ഇതേ ആവശ്യവുമായി പിതാവിനെ സമീപിക്കുകയും സമ്മതിക്കാതിരുന്നപ്പോള്‍ ആക്രമിക്കുകയും ചെയ്തതായി പറയുന്നു.

കമ്മിഷണര്‍ക്കു പരാതി നല്‍കിയപ്പോള്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്തെങ്കിലും വെെരാഗ്യം മൂലം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാതാപിതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അക്രമികളെ പേടിച്ചു പഠിക്കാന്‍ കഴിയുന്നെില്ലെന്നും കുട്ടി പരാതിയില്‍ പറയുന്നു.

എന്നാല്‍ ഒരു സ്ത്രീയില്‍ നിന്ന് ആഭരണം തട്ടിയെടുത്തതിനും വീടിനുള്ളില്‍ ബന്ദിയാക്കിയതിനും സുജിത്തിനും ഭാര്യയ്ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യത്തിലാണെന്നും പേട്ട പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here