‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’; കോടതി വിധിയില്‍ ആഷിഖ് അബു

0
363

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബുവും നടി രഞ്ജിനിയും. ‘വിശ്വസിക്കുവിൻ ബാബറി മസ്ജിദ് ആരും തകർത്തതല്ല’…എന്നാണ് ആഷിഖ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

“പ്രതീക്ഷിച്ച വിധി. കഴിഞ്ഞ 28 വർഷവും നമ്മൾ വെറും വിഡ്ഡികളായിരുന്നു. ഭാ​ഗ്യലക്ഷ്മി ചേച്ചി ശരിയായ തീരുമാനമെടുക്കാനുള്ള കാരണം ഇതാണ്. മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ അവരുടെ ഓഫീസുകൾ അടയ്ക്കുന്നതിൽ അത്ഭുതപ്പെടാനില്ല”. നടി രഞ്ജിനി ഫെയ്സ്ബുക്കിൽ കുറിച്ചു.
 
ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു കൊണ്ടാണ് വിധി പുറത്ത് വന്നത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടത്.

മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ്‌ എന്ന്‌ തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.

1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here