കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍ക്കോട് സ്വദേശി അബ്ദുര്‍ റഹ്‌മാനി(45)ല്‍ നിന്നുമാണ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് ലക്ഷം രൂപ വില വരും പിടിച്ചെടുത്ത കഞ്ചാവിനെന്നാണ് കസ്റ്റംസ് പറയുന്നത്.
മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ കണ്ണൂരില്‍ രാജ്യാന്തര വിമാനതാവളത്തിലുടെ കടത്താന്‍ ശ്രമിച്ച അഞ്ചേകാല്‍ കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇതു ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തനമാരംഭിച്ച ഒരുവിമാനത്താവളത്തെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ പിടികൂടിയത് 5.10 കോടി രൂപയ്ക്ക് തുല്യമായ സ്വര്‍ണമാണെന്നാണ് കസ്റ്റംസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ജൂണ്‍ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപയ്ക്ക് തുല്യമായ 423 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടുന്നത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം വരെ വന്ദേഭാരത് മിഷന്‍ വിമാനംവഴിയും ചാര്‍ട്ടേഡ് വിമാനം വഴിയും 10.145 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 13 കേസുകളില്‍ ആയി ഇതുവരെ അറസ്റ്റിലായത് 18 പേരാണ് പിടിയിലായ 13 പേരും കാസര്‍കോട് സ്വദേശികളാണ്. സ്വര്‍ണക്കടത്തിന് അറസ്റ്റില്‍ ആയവരില്‍ മിക്കവരും വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തുന്ന യുവാക്കളാണന്നാണ് ലഭിക്കുന്ന വിവരം.
ഒരു തവണ സ്വര്‍ണം കടത്താന്‍ ഇവര്‍ക്ക് 7500 രൂപ മുതല്‍ 15000 രൂപയും സൗജന്യ ടിക്കറ്റുമാണ് ലഭിക്കുന്നതെന്നാണു കസ്റ്റംസ് നല്‍കുന്ന സൂചന.