റിയാദ്: വാട്‌സാപ്പിന് ബദലായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കാനൊരുങ്ങി സൗദി അറേബ്യ. ഡേറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ ആപ്ലിക്കേഷന്‍ സൗദി വിഷന്‍ 2030യുടെ ഭാഗമായാണ് തയ്യാറാക്കുന്നത്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരും എഞ്ചിനീയര്‍മാരും ചേര്‍ന്നാണ് ആപ്ലിക്കേഷന് രൂപം നല്‍കുന്നത്.
പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കം ആപ് ഉപയോഗിക്കാം. വിദേശ സെര്‍വറുകളുമായി ബന്ധിപ്പിക്കാത്തതിനാല്‍ രഹസ്യസ്വഭാവം നഷ്ടപ്പെടില്ലെന്നും ടെക്സ്റ്റ്, വോയിസ് കമ്മ്യൂണിക്കേഷനുകള്‍ സുരക്ഷിതമായി കൈമാറ്റം ചെയ്യാവുന്ന പ്ലാറ്റ്‌ഫോമാകും ഇതെന്നും കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സെന്റര്‍ ഡയറക്ടര്‍ ബാസില്‍ അല്‍ ഒമൈര്‍ അറിയിച്ചു. ആപ്പ് വഴി പണമിടപാടും നടത്താന്‍ സാധിക്കും.