പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ പ്രതിയുടെ ബന്ധുക്കളെയും പ്രതിചേർക്കണമെന്ന് ആക്ഷൻ കൗൺസിൽ. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപക്കാനാണ് തീരുമാനം. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജമാഅത്ത് കമ്മിറ്റി കൊട്ടിയം പൊലീസിൽ പരാതി നൽകി.
കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി ഈ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. പ്രതി റിമാൻഡിലാണ്. ഹാരിസ് വിവാഹത്തില്‍ നിന്നു പിന്‍മാറിയത് കുടുംബത്തിന്റെ കൂടെ പ്രേരണയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. കേസിൽ വീട്ടുകാരെയും കൂടി പ്രതിചേര്‍ക്കണമെന്നാണ് ആവശ്യം.
ഹാരിസിന്‍റെ സഹോദരനെയും ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിൽ നിന്നും മൊഴി എടുത്തിരുന്നു. ഇവരുടെ ഫോണും പൊലീസിന്‍റെ കസ്റ്റഡിയിലാണ്. എന്നാൽ ഹാരിസിന്‍റെ ബന്ധുക്കൾക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരിൽ നിന്നു മൊഴിയെടുത്തു. നടപടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ്.