രണ്ടു കേസ്, രണ്ടു കോടതി, ഒരു അഭിഭാഷകന്‍; ഒരേ സമയം വാദം: ഒടുവിൽ സംഭവിച്ചത്

0
174

കോവിഡും ലോക്ഡൗണും വന്നതോടെ എല്ലാം ഓണ്‍ലൈനായി. സ്കൂളും കോടതിയും ഓഫിസുമെല്ലാം ഓണ്‍ലൈനില്‍ തന്നെ. കോടതികള്‍ ഓണ്‍ലൈനായതോടെ ഒട്ടേറെ രസകരമായ സംഭവങ്ങള്‍ക്കും കോടതി മുറികള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഒരു അഭിഭാഷകന്‍ വാദിക്കുന്ന രണ്ട് കേസുകള്‍, രണ്ട് വ്യത്യസ്ത ഓണ്‍ലൈന്‍ കോടതികളില്‍ ഒരേ സമയം വാദത്തിനെടുത്താല്‍ എന്ത് സംഭവിക്കും?

കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിലാണ് ഇത്തരത്തില്‍ രസകരമായ ഒരു സംഭവമുണ്ടായത്. കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന പ്രമാദമായ രണ്ടു കേസുകളില്‍ ജാമ്യാപേക്ഷയുമായെത്തിയതാണ് അഭിഭാഷകന്‍. രണ്ടു കേസും രണ്ട് കോടതികളില്‍. രണ്ട് മൊബൈലുകള്‍ മുന്നില്‍ വച്ച് ഏതു കോടതിയില്‍ കേസ് വിളിച്ചാലും വാദിക്കാന്‍ അഭിഭാഷകന്‍ തയാറായി. സ്വന്തം ഫോണിനു പുറമേ ഭാര്യയുടെ ഫോണ്‍ കൂടി കടം വാങ്ങിയാണ് അഭിഭാഷകന്‍ വാദിക്കാനായി കച്ച മുറുക്കിയത്.

ആദ്യം വിളിച്ചത് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചിലെ കേസ്. അഭിഭാഷകന്‍ തകൃതിയായി വാദിച്ചു. വാദം പൂര്‍ത്തിയായി. ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ വിധി പ്രസ്താവം തുടങ്ങി. വിധി പറഞ്ഞു കൊണ്ടിരിക്കെ ജഡ്ജിയെ കണ്‍ഫ്യൂഷനാക്കി അഭിഭാഷകന്‍ വീണ്ടും വാദം തുടങ്ങി. ജഡ്ജി പല തവണ അഭിഭാഷകന്‍റെ പേരു വിളിച്ച് എന്താണ് കാര്യമെന്ന് തിരക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ വാദം തുടരുകയാണ് അഭിഭാഷകന്‍. ഓണ്‍ലൈന്‍ കോടതിയിലുണ്ടായിരുന്നവര്‍ ആകെ കണ്‍ഫ്യൂഷനായെങ്കിലും പെട്ടെന്ന് തന്നെ എല്ലാവര്‍ക്കും കാര്യം മനസിലായി.

ഒന്നാമത്തെ കോടതിയില്‍ വിധി പ്രസ്താവം നടന്നു കൊണ്ടിരിക്കെ രണ്ടാമത്തെ ഓണ്‍ലൈന്‍ കോടതിയിലും അഭിഭാഷകന്‍റെ കേസ് വിളിച്ചു. അവിടെ ഹാജരായില്ലെങ്കില്‍ കേസ് വീണ്ടും ദിവസങ്ങള്‍ക്ക് അപ്പുറം മറ്റൊരു തീയതിയിലേക്ക് മാറ്റും. കക്ഷിയോട് സമാധാനം പറയേണ്ടി വരും. പിന്നെ ഒന്നും നോക്കിയില്ല, ഒന്നാമത്തെ കോടതിയുടെ വിഡിയോ കോണ്‍ഫറന്‍സിന്‍റെ ക്യാമറ ഓഫ് ചെയ്ത് കക്ഷി രണ്ടാമത്തെ കോടതിയുടെ വിഡിയോ കോണ്‍ഫറന്‍സ് വരുന്ന ഫോണിലേക്ക് ചാടി.

‌വിഡിയോ ഓഫ് ചെയ്തെങ്കിലും വെപ്രാളത്തില്‍ മൈക്ക് ഓഫ് ചെയ്യാന്‍ മറന്നു. ഇതോടെയാണ് അഭിഭാഷകന്‍റെ വാദം മുഴുവന്‍ ആദ്യത്തെ കോടതിയിലിരുന്നവര്‍ കേട്ടത്. ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന രണ്ട് കോടതികളില്‍ ഒരേ സമയം വാദിച്ച അഭിഭാഷകനെ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ശാസിച്ചു. കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ട പ്രവര്‍ത്തിയാണ് അഭിഭാഷകന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്‍റെ പ്രവര്‍ത്തിയില്‍ അഭിഭാഷകന്‍ ഖേദം പ്രകടിപ്പിച്ചതോടെ കോടതി കടുത്ത നടപടികളിലേക്ക് കടന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here