ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് യുവരാജ് സിംഗ്. ബിബിഎല്ലില്‍ യുവരാജിനായി ഒരു ഫ്രാഞ്ചൈസി കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുന്നതായി താരത്തിന്റെ മാനേജര്‍ ജാസണ്‍ വോണ്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച താരങ്ങള്‍ക്കു മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച യുവി ഗ്ലോബല്‍ ടി20യില്‍ കളിച്ച പരിചയം വെച്ചാണ് ബി.ബി.എല്ലില്‍ ചേക്കേറാന്‍ ശ്രമിക്കുന്നത്.
ബിഗ് ബാഷ് ലീഗില്‍ കളിക്കാനായാല്‍ ടൂര്‍ണമെന്റില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാകും യുവരാജ്. ഇതുവരെ ഒരു ഇന്ത്യന്‍ താരം പോലും ബി.ബി.എല്ലില്‍ കളിച്ചിട്ടില്ല. ഐ.പി.എല്ലില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള യുവരാജ് ഒരു സമയത്ത് ഏറെ വിലയേറിയ താരമായിരുന്നു.
ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോക കപ്പിലും 2011-ലെ ഏകദിന ലോക കപ്പിലും നിര്‍ണായക സാന്നിദ്ധ്യമായത് യുവിയായിരുന്നു. 2011 ലോക കപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം.