ബെംഗളൂരു: കർണാടകത്തിൽ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) യുടെ പിടിയിലായ അനിഘയിൽനിന്നു സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുടെ പേരുകൾ ഉൾപ്പെടുന്ന ഡയറി കണ്ടെത്തി. കന്നഡ സിനിമയുമായി ബന്ധപ്പെട്ട പതിനഞ്ചോളം ആളുകളുടെ പേരുകളാണ് ഇതിലുള്ളതെന്നാണ് വിവരം. സംഗീതജ്ഞരും അഭിനേതാക്കളും നിർമാതാക്കളുമുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് എൻ.സി.ബി.
കഴിഞ്ഞയാഴ്ചയാണ് വിദേശത്തുനിന്ന് ഓൺലൈനിൽ വാങ്ങിയ മയക്കുമരുന്നുകളുമായി അനിഘയും കൂട്ടാളികളായ മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും എൻ.സി.ബി.യുടെ പിടിയിലായത്. റിജേഷും അനൂപും മലയാളികളാണ്. അനിഘയുടെ നേതൃത്വത്തിലായിരുന്നു ഇടപാടുകൾ. കന്നഡ സിനിമയിലെ ചിലർക്ക് സ്ഥിരമായി ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതായി അനിഘ എൻ.സി.ബി.ക്ക് മൊഴിനൽകിയിരുന്നു.
എം.ഡി.എം.എ., എൽ.എസ്.ഡി. തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കോളേജ് വിദ്യാർഥികൾക്കും പബ്ബുകളും ബാറുകളും കേന്ദ്രീകരിച്ചു നടക്കുന്ന ചില ഡാൻസ് പാർട്ടികൾക്കും ഇവർ ലഹരിമരുന്നുകൾ എത്തിച്ചു നൽകിയിട്ടുണ്ട്. അഞ്ചു വർഷമായി സിനിമാമേഖലയുമായി അനിഘ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതായാണ് കണ്ടെത്തൽ. വിദേശരാജ്യങ്ങളിൽനിന്ന് ഓൺലൈനിലൂടെയാണ് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ബിറ്റ്കോയിനുകളാണ് ഇതിനായി ഉപയോഗിച്ചത്. അനിഘയുടെകീഴിൽ അനൂപിനെയും റിജേഷിനെയുംകൂടാതെ കൂടുതൽ ലഹരിമരുന്നു വിതരണക്കാരുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇവരെയും പിടികൂടി വിശദമായി ചോദ്യംചെയ്യും.
ഇന്ദ്രജിത്ത് ലങ്കേഷിൽനിന്ന് മൊഴിയെടുത്തു
സിനിമാമേഖലയിലെ ലഹരിബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ സംവിധായകനും പത്രപ്രവർത്തകനുമായ ഇന്ദ്രജിത്ത് ലങ്കേഷിൽനിന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) മൊഴിയെടുത്തു. ചില പേരുകളും രേഖകളും ഇന്ദ്രജിത്ത് ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ചാനൽ ചർച്ചകളിൽ സിനിമാ മേഖലയിലെ ലഹരിയുപയോഗത്തെപ്പറ്റി തനിക്ക് വ്യക്തമായി അറിയാമെന്ന് ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് മൊഴി നൽകണമെന്നാവശ്യപ്പെട്ട് സി.സി.ബി. നോട്ടീസയച്ചത്. അഞ്ചു മണിക്കൂറോളമാണ് മൊഴിയെടുക്കൽ നീണ്ടത്. തനിക്കറിയാവുന്ന മുഴുവൻ വിവരങ്ങളും സി.സി.ബി.ക്കു മുന്നിൽ വെളിപ്പെടുത്തിയതായി ഇന്ദ്രജിത്ത് പറഞ്ഞു. കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്. വരുംദിവസങ്ങളിൽ കൂടുതൽപ്പേരിൽനിന്ന് മൊഴിയെടുക്കുമെന്ന് സി.സി.ബി. അറിയിച്ചു.