പാചകത്തിന് ഗ്യാസിനേക്കാൾ വിലകുറഞ്ഞത് എന്താണ്? പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

0
225

ന്യൂഡൽഹി: സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ആളുകൾക്ക് പാചകത്തിനായി ഗ്യാസിനെക്കാളും കുറഞ്ഞ നിരക്കിലുള്ള മാർഗം നൽകാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വൈദ്യുതി നൽകുമെന്ന് വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇത് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുമെന്ന് മാത്രമല്ല പെട്രോളിയം ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കുവാനും സഹായിക്കുമെന്ന് വൈദ്യുതി മന്ത്രി ആർ.കെ സിംഗ് പറഞ്ഞു. എൻ‌ടി‌പി‌സി നബിനഗർ, ബാദ്, ബറൂനി എന്നിവിടങ്ങളിലെ സർവീസ് ബിൽഡിംഗ്, ഷോപ്പിംഗ് കോംപ്ലക്സ്, പ്രധാന പ്ലാന്റ് കാന്റീൻ എന്നിവയുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വൈദ്യുതി ഇന്ത്യയുടെ ഭാവിയാണ്. രാജ്യത്തെ മിക്ക അടിസ്ഥാന സൗകര്യങ്ങളും വരും കാലങ്ങളിൽ വൈദ്യുതിയെ ആശ്രയിച്ചിരിക്കും. കേന്ദ്ര മന്ത്രാലയ തലത്തിൽ പവർ ഫൗണ്ടേഷൻ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതിയെ പാചകത്തിന്റെ ഏകസാധ്യതയായി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. നമ്മുടെ സർക്കാർ ദരിദ്രരുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്നും ഈ നടപടിയിലൂടെ സമൂഹത്തിലെ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ പാചകം ചെയ്യാൻ സാധിക്കുമെന്നും ആർ.കെ സിംഗ് പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി “പ്രധാനമന്ത്രി അവാസ് യോജന”,“ഹർ ഘർ ബിജ്ലി” തുടങ്ങിയ പാവങ്ങൾക്കായുള്ള പദ്ധതികളെ കുറിച്ചുള്ള ജോലിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ‌ടി‌പി‌സിയുടെ വിവിധ ശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം എല്ലായ്‌പ്പോഴും ചോദ്യം ചെയ്യപ്പെടുന്നതാണ്. എന്നാൽ എൻ‌ടി‌പി‌സിയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തെ മറ്റ് സ്വകാര്യ കമ്പനികളുമായി താരതമ്യപ്പെടുത്തിയാൽ അവരുടെ ശ്രമങ്ങൾ എല്ലായ്പ്പോഴും മികച്ചതാണെന്ന് തെളിയിച്ചിരുന്നു. എല്ലായ്പ്പോഴും പുരോഗതിക്കൊപ്പം ലാഭവും അവർ ഉണ്ടാക്കുന്നു. ബീഹാറിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പുരോഗതിയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച എൻ‌ടി‌പി‌സിയോട് എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പാചകത്തിൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും എൻ‌ടി‌പി‌സി സ്വീകരിക്കുന്നുണ്ടെന്ന് എൻ‌ടി‌പി‌സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗുർ‌ദീപ് സിംഗ് പറഞ്ഞു. രാജ്യത്തുടനീളം ഈ മാതൃക അനുകരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. ബീഹാറിലെ എഎൻ‌പി‌സിയുടെ 3800 മെഗാവാട്ട് ശേഷിയുള്ള പദ്ധതി നിർമ്മാണത്തിലാണെന്നും സംസ്ഥാനത്തിന്റെ പുരോഗതിയിൽ കമ്പനിയുടെ സഹകരണം തുടരുമെന്നും ഗുർ‌ദീപ് സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here