നിര്‍ണായകം; കോവിഡ് അണുബാധ നിയന്ത്രിക്കാന്‍ ശേഷിയുള്ള നാനോബോഡി കണ്ടെത്തി

0
163

സ്‌റ്റോക്ക് ഹോം: സാര്‍സ് കോവ്2 വൈറസ് മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കുന്നത് ഫലപ്രദമായി തടയാന്‍ സാധിക്കുന്ന നാനോബോഡികള്‍ ഗവേഷകര്‍ കണ്ടെത്തി. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പഠനത്തിലാണ് Ty1 എന്ന് പേരിട്ടിരിക്കുന്ന ഈ നാനോബോഡികള്‍ തിരിച്ചറിഞ്ഞത്. കൊറോണ വൈറസിന്റെ മുനകള്‍ പോലുള്ള പ്രോട്ടീനുമായി ഒട്ടിച്ചേരുന്ന ഈ നാനോബോഡികള്‍ കോശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വൈറസിനെ തടയുന്നു.

തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരു തരം ഒട്ടകമായ അല്‍പാക്കയുടെ ശ്വേതരക്താണു കോശമായ ബി സെല്ലുകളില്‍ നിന്നാണ് ഈ നാനോബോഡി സീക്വന്‍സുകള്‍ ക്ലോണ്‍ ചെയ്‌തെടുത്തത്. ഫെബ്രുവരിയില്‍ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി ആദ്യം അല്‍പാക്കകളില്‍ കൊറോണ വൈറസ് സ്‌പൈക് പ്രോട്ടീനുകള്‍ കുത്തി വച്ചു. 60 ദിവസത്തിനു ശേഷം ഇവയുടെ രക്ത സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ സ്‌പൈക്ക് പ്രോട്ടീനെതിരെ ശക്തമായ പ്രതിരോധം കണ്ടെത്തി. തുടര്‍ന്നാണ് ഇവയുടെ ബി സെല്ലുകളില്‍ നിന്ന് Ty1 നാനോബോഡിയെ വേര്‍തിരിച്ചെടുത്തത്.

കോവിഡിന് എതിരായ ആന്റിവൈറല്‍ ചികിത്സയ്ക്കായി ഈ നാനോബോഡി വികസിപ്പിക്കാമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here