പാട്ന: പിതാവിന്റെ ലൈസൻസുള്ള തോക്ക് തലയക്കു നേരെ ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ പതിനേഴുകാരൻ മരിച്ചു. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം.ഓം പ്രകാശ് സിങ്ങിന്റെ മകൻ ഹിമാൻസു കുമാറിനാണ് സ്വയം വെടിവച്ച് മരിച്ചത്. അബദ്ധത്തിൽ വെടി പൊട്ടിയതെന്നാണ് പ്രഥമിക വിവരം.
സെൽഫിക്കായി പോസ് ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചി വലിച്ചതാണെന്നും വെടിയൊച്ച കേട്ടാണ് താൻ ഓടിച്ചെന്നതെന്നും അയൽവാസിയും മുൻ മന്ത്രിയുമായിരുന്നു റാം പ്രവേശ് റായ് പറഞ്ഞു.വെള്ളിയാഴ്ച രാവിലെ ഇമാലിയെ ഗ്രാമത്തിൽ ഹിമാൻസുവിന്റെ വീട്ടിലായിരുന്നു സംഭവം.
‘ഞാൻ ആദ്യം ഒരു വെടിയൊച്ച കേട്ടു, പിന്നാലെ ആരോ കരയുന്നതും. ആർക്കൊ എന്തോ അപകടം സംഭവിച്ചെന്നാണ് കരുതിയത്. ഞാൻ പെട്ടെന്നു തന്നെ പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയപ്പോൾ ഹിമാൻസുവിന് ജീവനുണ്ടായിരുന്നു’– റായ് പറഞ്ഞു.
ഇതിനിടെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് ഹിമാൻസു മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കയ്യേറ്റം ചെയ്തു. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.