തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരായ ആരോപണം കടുപ്പിച്ച് സി.പി.എം. കൊല നടത്തിയ ശേഷം പ്രതികള്‍ ആദ്യം വിളിച്ചത് കോണ്‍ഗ്രസ് എം.പി അടൂര്‍ പ്രകാശിനെയാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ലക്ഷ്യം നിറവേറ്റിയെന്ന് കൊലപാതകികള്‍ അറിയിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജനസേവനം കൈമുതലാക്കിയ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. നാട് ക്ഷോഭിക്കും. അങ്ങനെ നാടാകെ ചോരപ്പുഴ ഒഴുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തിരവോണനാളില്‍ കൊലനടത്തി രക്തപ്പൂക്കളമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ അടുത്ത നേതാക്കളുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.എം മരണം ആഘോഷിക്കുകയാണ്. കൊലപാതകത്തില്‍ കോണ്‍ഗ്രസ് പങ്ക് ആരോപിച്ച് നൂറ് കണക്കിന് പാര്‍ട്ടി ഓഫീസുകളാണ് സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
രണ്ട് ഗ്യാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നറിയുന്നതിനായി ഡി.സി.സി പ്രസിഡന്റില്‍ നിന്നും കെ.പി.സി.സി റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഈ കൊലപാതകവുമായി കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകര്‍ക്ക് പോലും പങ്കില്ലെന്നാണ് റിപ്പോര്‍ട്ടെന്നു മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.