കോളിയടുക്കം: (www.mediavisionnews.in) ജില്ലയിലെ ഭൂ–ഭവനരഹിതർക്കായി ലൈഫ്മിഷൻ പാർപ്പിട സമുച്ചയം നിർമിക്കുന്നു. ചട്ടഞ്ചാൽ–ദേളി റോഡരികിൽ ബെണ്ടിച്ചാൽ കൊറക്കുന്ന മൊട്ടയിലെ ഒരേക്കർ സ്ഥലത്താണു 44 കുടുംബങ്ങൾക്കുള്ള പാർപ്പിട സമുച്ചയം ഒരുങ്ങുന്നത്. ചെമ്മനാട് പഞ്ചായത്തിൽ ലൈഫ്മിഷൻ മൂന്നാം ഘട്ടത്തിൽ അർഹരായ നൂറോളം അപേക്ഷകരാണുള്ളത്. ഒന്നാം ഘട്ടം നിർമാണം 6 മാസത്തിനകം പൂർത്തിയാക്കും. നിർമാണ പ്രവൃത്തി 24നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.
മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും. കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ശിലാഫലകം അനാഛാദനം ചെയ്യും. 4 നിലകളിൽ ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം (എൽജിഎസ്എഫ്.) പ്രീ-ഫാബ്സാങ്കേതിക വിദ്യയിലാണ് പാർപ്പിട സമുച്ചയം നിർമിക്കുന്നത്. 50 സെന്റ് സ്ഥലത്ത് 26848 ചതുരശ്ര അടിയിൽ പണിയുന്ന സമുച്ചയത്തിൽ 44 വ്യക്തിഗത ഭവന യൂണിറ്റുകൾ ഉണ്ടാകും.
6.64 കോടി രൂപയാണു പദ്ധതിച്ചെലവ്
കിഫ്ബി മുഖാന്തരം ജല അതോറിറ്റി നടപ്പാക്കാൻ വിഭാവനം ചെയ്ത ചെമ്മനാട് കുടിവെള്ള പദ്ധതിയിൽ നിന്ന് ഭവനസമുച്ചയത്തിലേക്ക് വെള്ളം എത്തിക്കാനാണ് ലക്ഷ്യം. ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി രൂപകൽപന, മേൽനോട്ടം എന്നിവ തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കൺസൽട്ടൻസി സർവീസിനാണ്.