ഗുജറാത്ത് കലാപം; മൂന്ന് കേസുകളില്‍ നിന്ന് മോദിയെ ഒഴിവാക്കണമെന്ന് കോടതി

0
163

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് സിവില്‍ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി കോടതി. മോദിയുടെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സബര്‍കന്ത ജില്ലയിലെ താലൂക്ക് കോടതി ഉത്തരവിട്ടു.

ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച മൂന്ന് സിവില്‍ കേസുകളില്‍ നിന്നാണ് മോദിയുടെ പേര് നീക്കം ചെയ്തത്. പ്രധാനമന്ത്രിയുടെ പേര് നീക്കം ചെയ്യണമെന്ന് മോദിയെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് നടപടി.

മോദിക്കെതിരായ ആരോപണങ്ങള്‍ പൊതുവായതും വ്യക്തമല്ലാത്തതുമാണെന്നും കൃത്യം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യന്‍ പൗരനായ ഇമ്രാന്‍ സലിം ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരത്തിനായി സിവില്‍ സ്യൂട്ടുകള്‍ സമര്‍പ്പിച്ചത്. 20 കോടിരൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

2002 ഫെബ്രുവരി 28 ന് ഇമ്രാന്‍ ദാവൂദ്, അമ്മാവന്മാരായ സയിദ് ദാവൂദ്, ഷക്കീല്‍ ദാവൂദ്, മുഹമ്മദ് അശ്വത് എന്നിവരോടൊപ്പം സബര്‍കന്ത ജില്ലയിലെ പ്രന്തിജിനടുത്തുള്ള അവരുടെ ഗ്രാമമായ ലജ്പൂരിലേക്ക് മടങ്ങുകയായിരുന്നു. യാത്രാമധ്യേ ഹിന്ദുത്വ കലാപകാരികള്‍ വഴി തടഞ്ഞ് ടാറ്റാ സുമോയ്ക്ക് തീയിട്ടു.

സയിദിനെയും അശ്വതിനെയും ഗുജറാത്തി ഡ്രൈവര്‍ യൂസഫ് പിരാഗറിനെയും വെട്ടിക്കൊലപ്പെടുത്തി. ഷക്കീലിനെ കാണാതാവുകയും ചെയ്തിരുന്നു. മോദിയെ കൂടാതെ ആറ് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here