കാസര്‍കോട്: മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണത്തിന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി, കെ.കെ.മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്ന് കാസർകോട് എത്തും.
എംഎൽഎക്കും ജ്വല്ലറി എംഡി പൂക്കോയ തങ്ങൾക്കുമെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത 39 വഞ്ചനാ കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ചന്തേര സ്റ്റേഷനിൽ അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിക്കും. അതേ സമയം കമറുദ്ദീന്റെ രാജിയാവശ്യപ്പെട്ട് സിപിഎം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും.
അതേ സമയം എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ രണ്ട് വണ്ടി ചെക്ക് കേസുകളടക്കം ആകെ 41 വഞ്ചന കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. മടക്കര,കാടങ്കോട് സ്വദേശികളായ നാല് പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ചന്ദേര പൊലീസ് മറ്റ് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പാണ് എംഎൽഎക്കെതിരെ ഉയര്‍ന്നത്.