കോവിഡ് ഭയന്ന് ഗോളടിക്കുന്നത് നോക്കിനിന്നു; ജര്‍മന്‍ ടീം തോറ്റത് 37 ഗോളിന് – വീഡിയോ

0
569

ബെർലിൻ: കൊവിഡ് ബാധിച്ചാലോ എന്ന പേടി കാരണം സാമൂഹിക അകലം പാലിച്ച് കളത്തിലിറങ്ങി പന്തു തട്ടിയ ജർമൻ ടീം എസ്ജി റിപ്‌ഡോർഫ് 37 ഗോളിന് തോറ്റു. എസ്‌വി ഹോൾഡെൻസ്റ്റെഡിനെതിരായ മത്സരത്തിലാണ് റിപ്‌ഡോർഫ് എതിരാളികളുടെ മുന്നേറ്റം തടയാനാകാതെ വെറുതെ നോക്കുകുത്തികളായി മാറി തോൽവി വഴങ്ങിയത്.

അമെച്വർ ലീഗിൽ ഡെൽസ്റ്റോഫിനെതിരെ ആയിരുന്നു ഹോൾഡെൻസ്റ്റഡിന്റെ കഴിഞ്ഞ മത്സരം. ഈ മത്സത്തിൽ കളിച്ച ഡെൽസ്റ്റോഫിന്റെ ഒരു താരത്തിന് കൊവിഡ് ഉണ്ടായിരുന്നു. ഈ താരവുമായി ഹോൾഡെൻസ്റ്റഡിന്റെ ടീം സമ്പർക്കത്തിലേർപ്പെടുകയും ചെയ്തതോടെ എല്ലാവർക്കും പരിശോധന നടത്തി. എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു എങ്കിലും ഹോൾഡെൻസ്റ്റഡ് ടീമിനെതിരേ കളിക്കാൻ റിപ്‌ഡോർഫ് തയ്യാറായില്ല. ഹോൾഡെൻസ്റ്റ്ഡ് താരങ്ങൾ കോവിഡ് പോസിറ്റീവായ താരവുമായി സമ്പർക്കമുണ്ടായതിന് ശേഷം 14 ദിവസം പിന്നിട്ടിട്ടില്ല എന്നതായിരുന്നു റിപ്‌ഡോർഫിനെ പിന്നോട്ടടിച്ചത്. മത്സരം നീട്ടിവെയ്ക്കാനും റിപ്‌ഡോർഫ് ആവശ്യമുന്നയിച്ചു.

പക്ഷെ, ലോക്കൽ അസോസിയേഷൻ ഈ ആവശ്യം നിരസിച്ചു. ഇതോടെ റിപ്‌ഡോർഫ് കളത്തിലിറങ്ങാൻ നിർബന്ധിതരായി. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പിഴയും അടയ്‌ക്കേണ്ടി വരും എന്നുകൂടി വ്യക്തമായതോടെ റിപ്‌ഡോർഫ് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. മത്സരത്തിനിടെ റിപ്‌ഡോർഫ് താരങ്ങളെല്ലാം പേടിച്ച് ഹോൾഡെൻസ്റ്റഡ് താരങ്ങളിൽ നിന്ന് അകലം പാലിച്ചതോടെ ഗോളുകൾ തുടരെ സ്വന്തം വലയിലെത്തുകയായിരുന്നു. ഒടുവിൽ റിപ്‌ഡോർഫ് 37 ഗോളുകൾക്ക് തോറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here