ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. സംസ്ഥാനത്ത് വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണം കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ വന്ന രണ്ടു മാറ്റങ്ങളാണെന്ന് പഠനം വ്യക്തമാക്കുന്നു.
കേരളത്തിലെ സാംപിളുകളില്‍ ഡി614ജി, എല്‍5എഫ് എന്നീ മാറ്റങ്ങളാണ് കണ്ടെത്തിയത്. ജനിതക ശ്രേണീകരണത്തിലൂടെയുള്ള പഠനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ശേഖരിച്ച വൈറസ് സാംപിളുകളില്‍ 99.4 ശതമാനത്തില്‍ ഡി614ജി എന്ന ജനിതകമാറ്റം കണ്ടെത്തി.
എല്‍5എഫ് എന്നു പേരിട്ടിരിക്കുന്ന മറ്റൊരു മാറ്റവും ദൃശ്യമായി. ജനിതക ഘടനയില്‍ അമിനോ അമ്ല കണ്ണികളുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യത്യാസം. കൊറോണ വൈറസുകളിലെ യൂറോപ്യന്‍ ഗണമെന്നു വിശേഷിപ്പിക്കപ്പെടുന്ന എ2എ ആണ് കേരളത്തിലുള്ളതെന്നാണ് കോഴിക്കോട്ടു നിന്നുള്ള സാംപിളുകളില്‍ വ്യക്തമായത്.
എ2എ ഗണം വൈറസിനെ നിര്‍വചിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്നത് എസ് (സ്‌പൈക്) പ്രോട്ടീനിലാണ് . സ്‌പൈക് പ്രോട്ടീന്‍, മനുഷ്യശരീരത്തിലെ പ്രോട്ടീനുകളെയാണ് വൈറസിനു കയറിപ്പിടിക്കാനുള്ള തലമായി ഉപയോഗിക്കുന്നത്. ഈ മാറ്റങ്ങള്‍ വൈറസ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ്, സിഎസ്‌ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി), അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നവേറ്റീവ് റിസര്‍ച് എന്നിവ സംയുക്തമായിട്ടാണ് ഗവേഷണം നടത്തിയത്. എല്ലാ ജില്ലകളില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ശ്രേണീകരണം നടത്തിയാല്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെക്കുറിച്ച് സമഗ്ര ചിത്രം ലഭിക്കുമെന്നും ഗവേഷകര്‍ കരുതുന്നു.