ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മഥുര സിവില്‍ കോടതി തള്ളി. കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്ന അവകാശവാദം.
ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണന്‍ ജനിച്ചതെന്നും പള്ളി പൊളിച്ചുനീക്കണമെന്നുമാണ് ചില വ്യക്തികള്‍ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. അഡീഷണല്‍ ജില്ലാ ജഡ്ജ് ഛയ്യ ശര്‍മയാണ് ഹരജി പരിഗണിച്ചത്.
മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രവും ഈദ്ഗാഹ് പള്ളിയും തൊട്ടടുത്താണ്. പള്ളി നീക്കി ഈ സ്ഥലം പൂര്‍ണമായും അമ്പലത്തിന് കൈമാറണമെന്നാണ് ആവശ്യം. സമാനമായ ചില വാദങ്ങള്‍ ഉയര്‍ന്ന 1960കളില്‍ അന്ന് പള്ളി-ക്ഷേത്ര ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും നിലവിലുള്ള സ്ഥിതി തുടരാമെന്ന് കരാറുണ്ടാക്കുകയും ചെയ്തു. ഈ കരാറിന് മഥുര കോടതി 1968ല്‍ അംഗീകാരം നല്‍കിയിരുന്നു.
പള്ളി-ക്ഷേത്ര ഭാരവാഹികളുടെ കരാര്‍ അംഗീകരിച്ചുള്ള 1968ലെ വിധി റദ്ദാക്കണമെന്നും ക്ഷേത്രം നില്‍ക്കുന്നതിനോട് ചേര്‍ന്ന പള്ളി പൊളിച്ചുനീക്കി 13.37 ഏക്കര്‍ സ്ഥലം ക്ഷേത്രത്തിന് വിട്ടുകൊടുക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. 17ാം നൂറ്റാണ്ടിലാണ് ഈദ്ഗാഹ് പള്ളി നിര്‍മിച്ചത്.
ഹര്‍ജിക്കെതിരെ മഥുരയിലെ സന്യാസി സമൂഹം രംഗത്തുവന്നിരുന്നു. സമാധാനം നിലനില്‍ക്കുന്ന മഥുരയില്‍ പുറത്തുനിന്ന് വന്നവര്‍ പ്രശ്‌നമുണ്ടാക്കാന്‍ നീക്കം നടത്തുകയാണെന്ന് അഖില ഭാരതീയ തീര്‍ഥ പുരോഹിത് മഹാസഭ അധ്യക്ഷന്‍ മഹേഷ് പഥക് ആരോപിച്ചു. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും നേരത്തെ പരിഹരിച്ചതാണ്. നല്ല സൗഹാര്‍ദത്തിലാണ് ഇപ്പോള്‍ മഥരയിലെ ഹിന്ദുക്കളും മുസ്‍ലിംകളും കഴിയുന്നതെന്നും മഹേഷ് പഥക് പറഞ്ഞു.
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ലഖ്‌നൗ കോടതി വിധി വന്നതിന് പിന്നാലെയാണ് മഥുര കോടതി ഉത്തരവുണ്ടായത്.