സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി എഴുതിയത്
ദുബായ്: കുടുംബവുമായി നാളെ നാട്ടിലേക്ക് പോകുവാൻ ഹഫ്സത്ത് എന്ന സഹോദരി തയ്യാറെടുക്കുമ്പോഴാണ്,മരണം എന്ന അതിഥി ജീവിതത്തിലേക്ക് കടന്ന് വന്നത്. ബുക്ക് ചെയ്ത അതേ വിമാനത്തിൽ ഭർത്താവ് സലീമിനും മക്കൾക്കൊപ്പം അവസാനയാത്രക്ക് ഒരുങ്ങുകയാണ് എംബാമിംഗ് സെൻ്ററിൽ ഹഫ്സത്തിൻെറ മയ്യത്ത്. യാത്രക്കാരിയായിട്ടല്ല എന്ന വിത്യാസമാത്രം.
രണ്ട് കുഞ്ഞുമക്കളെയും ഭർത്താവ് സലീമിനെയും ഒറ്റക്ക് ആക്കിയിട്ട് ഹഫ്സത്ത് യാത്രയായി,ഇന്ന് രാവിലെ അപ്രതീക്ഷിതമായുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹഫ്സത്തിൻെറ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഭർത്താവ് സലീമിൻെറ ഉമ്മ മരണപ്പെട്ടിരുന്നു.അതുമായി ബന്ധപ്പെട്ടാണ് നാളെ വെളളിയാഴ്ച നാട്ടിലേക്ക് പോകുവാൻ ഈ കുടുംബം തയ്യാറെടുത്തത്.
പടച്ചവൻെറ വിധിയെ തടുക്കുവാൻ ആർക്കും കഴിയില്ല.അല്ലെങ്കിലും മരണത്തിന് സ്ഥലകാലനിര്‍ണയമില്ല.നമ്മൾ എവിടെവെച്ചു മരിക്കുമെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയില്ല.സ്വന്തം ഉമ്മായുടെയും, പ്രിയതമയുടെയും വേർപ്പാടിൽ കഴിയുന്ന സലീമെന്ന സഹോദരന് എല്ലാ താങ്ങാനുളള ധെെര്യം നൽകട്ടെ.ആമീൻ
ദുബായിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സലീം കുറച്ച് വർഷങ്ങളായി കുടുംബവുമായി പ്രവാസ ജീവിതം നയിച്ച് വരുകയായിരുന്നു. അപ്പോഴാണ് വിധി എല്ലാം തകിടം മറിച്ചത്.മലപ്പുറം ജില്ലയിലെ മാറഞ്ചേരിക്കടുത്തുളള പരിചകം സ്വദേശിയാണ് ഹഫ്സത്ത്.
മരണം ഒരു സത്യമാണ്,ഇന്നല്ലെങ്കിൽ നാളെ അത് നമ്മെയും തിരക്കി വന്നിരിക്കും.ഒരോ മരണങ്ങളും നമ്മളെ ഓർമ്മിപ്പിക്കുവാനും ചിന്തിക്കുവാനും വേണ്ടിയാണ്. മരണത്തിൻെറ സമയം എത്തിയാല്‍ ഒരു നിമിഷം പോലും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുകയില്ല എന്നത് വാസ്തവം.
ഹഫ്സത്ത് എന്ന സഹോദരിയുടെ പരലോക ജീവിതം സമാധാനമുളളതാക്കട്ടെ,ആമീൻ അതോടപ്പം സലീമിന് ഈ ലോകത്തുണ്ടായ നഷ്ടത്തെ താങ്ങാനുളള മനസ്സ് അല്ലാഹു നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.