കാസർകോട്: (www.mediavisionnews.in) മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം. ബാഹ്യ സമ്മർദങ്ങളില്ലെന്നും കേസിൽ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടി പറഞ്ഞു. എംഎൽഎ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻ കുട്ടി ജില്ലയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. മറ്റ് ബാഹ്യ സമ്മർദങ്ങളില്ല. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവുകൾ ശേഖരിച്ച് വരികയാണെന്നും എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.
നിക്ഷേപ തട്ടിപ്പിൽ രണ്ട് പരാതികൾ കൂടി പുതുതായി പൊലീസിൽ രജിസ്റ്റർ ചെയ്തിതിട്ടുണ്ട്. രണ്ട് പേരിൽ നിന്നായി 64 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചു തിരിച്ചുകൊടുത്തില്ലെന്ന പരാതിയിൽ കാസർഗോഡ് പൊലീസാണ് കേസെടുത്തത്. നിലവിലെ 13 കേസുകൾക്ക് പുറമെ ബാക്കിയുള്ള കേസുകൾ കൂടി ക്രൈംബ്രാഞ്ചിന് കൈമാറുമ്പോൾ ആവശ്യമായ ഘട്ടത്തിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും എസ്പി മൊയ്തീൻ കുട്ടി പറഞ്ഞു.