തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ തിരഞ്ഞെടുപ്പ് പ്രത്യേക സാഹചര്യത്തിൽ നീട്ടിവെക്കാനും കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണയായി. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനും എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ അനൗദ്യോഗിക ധാരണയും വന്നിരുന്നു.
ഉപതിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കാലവധി മേയില്‍ അവസാനിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് അഞ്ചുമാസമേ പ്രവര്‍ത്തിക്കാന്‍ കിട്ടൂ. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാന്‍ യു.ഡി.എഫിനെ സര്‍ക്കാര്‍ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും നീട്ടാന്‍ തയ്യാറായാലേ ഈയാവശ്യത്തെ പിന്തുണയ്ക്കൂവെന്ന നിബന്ധന യു.ഡി.എഫ്. മുന്നോട്ടുവെച്ചു. തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ 16-ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലെ തീരുമാനം കമ്മിഷനെ പാര്‍ട്ടികള്‍ അറിയിക്കും.
കോവിഡ് വ്യാപനവും പാര്‍ട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്ര കമ്മിഷനോട് അഭ്യര്‍ഥിക്കും.