ആപ്പുകള്‍ക്ക് പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങള്‍‌ക്ക് ഇറക്കുമതി വിലക്കിനൊരുങ്ങി കേന്ദ്രം

0
227

ചൈനയുടെ പ്രകോപനത്തിന് പിന്നാലെ അതിർത്തിയില്‍ സേനാവിന്യാസവുമായി ഇന്ത്യ. പാങ്കോങ് സോ തടാകത്തിന്‍റെ വടക്കന്‍ തീരമായ ഫിങ്കർ 4 വരെ ഇന്ത്യ പൂർണ നിയന്ത്രണത്തിലാക്കി. 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതി വിലക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. എന്നാല്‍ നിയന്ത്രണരേഖ കടന്നത് ഇന്ത്യയാണെന്ന് ചൈന ആവർത്തിച്ചു.

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മാസം 29നും 30നും ഒന്നിലധികം ഇടങ്ങളില്‍ ചൈന അതിക്രമിച്ച് കയറിയതോടെയാണ് മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ദ്രുതഗതിയിലാക്കിയത്. പാങ്കോങ്സോ തടാകത്തിന്‍റെ തെക്കന്‍ തീരത്തെ കുന്നുകളില്‍ സൈനിക വിന്യാസം പൂർത്തിയായിരുന്നു. നിലവില്‍ തടാകത്തിന്‍റെ വടക്കന്‍ തീരമായ ഫിങ്കർ 4 ഉം സൈനിക നിയന്ത്രണത്തിലായിരിക്കുകയാണ്. ഫിംഗർ 4നും 8നും ഇടയില്‍ ചൈനക്ക് ആധിപത്യമുണ്ട്. പ്രശ്നപരിഹാരത്തിനായി ബ്രിഗേഡ് കമാന്‍ണ്ടര്‍തല ചർച്ച 3 ദിവസം പിന്നിട്ടിട്ടും പുരോഗതി ഉണ്ടായില്ല.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിന് മോസ്കോയില്‍ എത്തിയെങ്കിലും ചൈനീസ് പ്രതിനിധിയുമായി ചർച്ച നടത്തില്ല. ഇതേ സമ്മേളത്തിനായി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ എത്തുമ്പോള്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യീയുമായി ചർച്ച നടത്തിയേക്കും.

നിയന്ത്രണ രേഖ കടന്നതും സമാവായ നീക്കങ്ങള്‍ ലംഘിച്ചതും ഇന്ത്യയാണെന്നും പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. ഇന്ത്യന്‍ സൈനിക നീക്കങ്ങളില്‍ ചൈനക്ക് അതൃപ്തിയുണ്ട്. ഇതിന് പുറമെയാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകളെ നിരോധിച്ചത്. ഇതോടെ നിരോധിച്ച ആപ്പുകള്‍ 224 ആയി.

കൂടുതല്‍ മേഖലയില്‍ ചൈനീസ് കമ്പനികളെ നിരോധിക്കാനും ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിർത്താനുമുള്ള ശിപാർശകള്‍ സർക്കാർ പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here