‘ഷൂട്ടിങ്ങിന് പോകുമ്പോൾ അതും പറഞ്ഞ് അവളെ കൊണ്ടുപോകും, തിരികെ അയക്കുക ദിവസങ്ങൾക്ക് ശേഷം, ഗർഭച്ഛിദ്രം നടത്താൻ റംസിയെ കൊണ്ടുപോയതും സീരിയൽ നടിയെന്ന് കുടുംബം

0
208

കൊല്ലം: വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. റംസിയെ ഗർഭച്ഛിദ്രം നടത്താൻ കൊണ്ടുപോയത് കേസിൽ പ്രതിയായ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ 155 കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷിന്റെ (24) സഹോദരന്റെ ഭാര്യയായ സീരിയൽ നടിയാണെന്ന് യുവതിയുടെ പിതാവ് റഹിം ആരോപിക്കുന്നു. നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഷൂട്ടിങ്ങിനായി പോകുമ്പോൾ കുഞ്ഞിനെ നോക്കണമെന്നും, കൂട്ടിനാണെന്നും പറഞ്ഞ് പലപ്പോഴും റംസിനെയും നടി കൂടെ കൊണ്ടുപോകുമായിരുന്നു. ദിവസങ്ങൾക്കു ശേഷം ഹാരിസിനൊപ്പമാണ് അവളെ വീട്ടിലേക്ക് വിടുക. ഗർഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്. ഗര്‍ഭച്ഛിദ്രം നടത്താനായി മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖ പ്രതികൾ ചമച്ചിരുന്നു . കേസിൽ നിന്ന് സീരിയൽ നടിയെ ഒഴിവാക്കാനായി ഉന്നതതല ഇടപെടലുകൾ നടക്കുന്നുണ്ട്. അവരെ ചോദ്യം ചെയ്യണം- റഹീം ആവശ്യപ്പെട്ടു.

അതേസമയം പ്രതിയായ ഹാരിഷിനെതിരെ പൊലീസ് പീഡനക്കുറ്റം ചുമത്തി. കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത ഹാരിഷിനെതിരെ ആദ്യം ആത്മഹത്യാ പ്രേരണ മാത്രമാണ് ചുമത്തിയിരുന്നത്. പിന്നീട് കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് പീഡനക്കുറ്റം കൂടി ചുമത്തിയത്.

25 വയസുള്ള യുവതി വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. എട്ടുവർഷമായി പ്രണയത്തിലായിരുന്ന യുവതിയും ഹാരിഷും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വളയിടൽ ചടങ്ങ് ജൂലായിയിൽ നടത്തിയിരുന്നു. ഇതിന് ശേഷം യുവാവ് പലപ്പോഴായി പണവും സ്വർണവും കൈപ്പറ്റിയതാതി വീട്ടുകാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

പല കാരണങ്ങൾ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയ ശേഷം താൽപ്പര്യമില്ലെന്ന് അറിയിച്ച് ഹാരിഷ് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിച്ച് പെൺകുട്ടി നേരിട്ട് ഹാരിഷിന്റെ വീട്ടിലെത്തിയെങ്കിലും മാതാവും ബന്ധുക്കളും ചേർന്ന് പുറത്താക്കി. യുവതി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് യുവാവിന്റെ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

യുവതിയുടെ മരണം നടന്ന് നാല് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ ഇടപെടാനും അറസ്റ്റിലേക്ക് കടക്കാനും പൊലീസ് തയ്യാറായത്. യുവാവിനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകൾ പരസ്യമായി രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here