ദില്ലി (www.mediavisionnews.in): ബാബറി കേസിൽ പ്രതികളെ വെറുതെ വിട്ട ലക്നൗ സിബിഐ കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും. വിധിക്കെതിരെ അന്വേഷണ ഏജൻസി അപ്പീൽ പോകണമെന്നാണ് അഭിപ്രായമെന്ന് പാണക്കാട് തങ്ങൾ പറഞ്ഞു.
പ്രതീക്ഷിക്കാത്ത വിധിയാണ് വന്നതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എല്ലാവരും സമാധാനം പാലിക്കണം. ബാബറി മസ്ജിദ് പൊളിച്ചില്ല എന്നു പറയുന്നതിനു തുല്യമായ വിധിയാണ് വന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. വൈകി വന്ന വിധിയാകട്ടെ നീതിരാഹിത്യമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട ലക്‌നൗ സിബിഐ കോടതിയുടെ വിധി അപഹാസ്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. ബാബറി മസ്ജിദ് പൊളിക്കാൻ വേണ്ടി രഥയാത്ര നടത്തുകയും കർസേവ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാർ ഗൂഢാലോചന നടത്തിയില്ല എന്ന വാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.