കൊല്ലം: കുളത്തൂപ്പുഴയിൽ ആട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത് പരപുരുഷബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കും കൈയ്യാങ്കളിയുമെന്ന് പൊലീസ്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേകര ടി.എസ്.ഭവനിൽ ദിനേശിനെ (25) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മിയെ (25) ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ പട്ടാപ്പകലുണ്ടായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ഉച്ചയ്ക്കാണ് ദുരൂഹ സാഹചര്യത്തിൽ രശ്മിയുടെ വീടിന്റെ അടുക്കളയിൽ ദിനേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: രശ്മിയും ആട്ടോ ഡ്രൈവറായ ദിനേശും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ യുവതിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ദിനേശ് സംഭവദിവസം മറ്റൊരാളുടെ ആട്ടോറിക്ഷയിൽ യുവതിയുടെ വീട്ടിലെത്തി. ഈസമയം യുവതിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അടുക്കളജോലിയിലായിരുന്നു രശ്മി. രശ്മിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്നാരോപിച്ച ദിനേശൻ ഇതേചൊല്ലി രശ്മിയുമായി വഴക്കുണ്ടാക്കി. തനിക്ക് മറ്റാരുമായും സൗഹൃദമില്ലെന്ന് രശ്മി വെളിപ്പെടുത്തിയെങ്കിലും അത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ദിനേശ് കോളുകളും വാട്ട്സ് അപ് സന്ദേശങ്ങളും പരിശോധിക്കാനായി മൊബൈൽഫോൺ ആവശ്യപ്പെട്ടു. കിടപ്പുമുറിയിലായിരുന്ന ഫോൺ എടുത്ത് പരിശോധിക്കാൻ ശ്രമിച്ച ദിനേശിനെ രശ്മി തടഞ്ഞു. ഫോൺ കൊടുക്കാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ ഫോണിന് പിടിവലിയായി.
പിടിവലിയ്ക്കിടെ ഇരുവരും തമ്മിൽ കൈയ്യാങ്കളിയായി. കുതറിമാറുന്നതിനിടയിൽ രശ്മി ദിനേശിനെ ശക്തമായി തളളുകയും കട്ടിലിൽ തലയടിച്ച് വീണ യുവാവ് മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിടപ്പ് മുറിയിൽ വീണുകിടന്ന യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് യുവതി തന്നെയാണ് സംഭവം അയൽവാസികളെ അറിയിച്ചത്. ഒരാൾ വീട്ടിൽ വന്ന് വീണുകിടക്കുന്നു എന്നാണ് യുവതി അറിയിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് യുവാവ് മരിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ യുവതിയുടെ മൊഴി അതേപടി വിശ്വസിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. ഫോണിന് വേണ്ടിയുള്ള പിടിവലിക്കിടെയാണ് സംഭവമെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതെങ്കിലും കൈലിമുണ്ട് മാത്രം ധരിച്ച നിലയിലായിരുന്നു യുവാവ്.
മാതാവില്ലാത്ത സമയത്ത് കാമുകൻ വീട്ടിലെത്തിയതും ഷർട്ടില്ലാത്ത നിലയിൽ അയാളെ മരിച്ച നിലയിൽ കണ്ടെത്തിയതുമാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. പട്ടാപ്പകൽ രശ്മിക്ക് തനിച്ച് ദിനേശിനെ വകവരുത്താൻ കഴിയില്ലെന്നും പരസഹായമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എന്നാൽ വീഴ്ചയിൽ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനാ ഫലവും സൈബർസെല്ലിന്റെ റിപ്പോർട്ടും ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ എൻ.ഗിരീഷ് കുമാർ അറിയിച്ചു.