ഉപ്പള: (www.mediavisionnews.in) സഞ്ചാരികളെ ക്ഷമിക്കുക, ദൈവത്തിന്റെ സ്വന്തം നാടാണെന്നു കരുതി, കേരളത്തിലേക്ക് എത്തുമ്പോൾ അൽപം ദുർഗന്ധം സഹിക്കണം. സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരങ്ങൾ മാലിന്യം തള്ളൽ കേന്ദ്രമാണ്.
ഇതിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും പരാതികൾ നൽകിയെങ്കിലും മാലിന്യം തള്ളുന്നതിനു ഇവിടെ ഒരു കുറവില്ല. കർണാടകയിൽ അതിർത്തിയിൽ നിന്ന് 500 മീറ്റർ കഴിഞ്ഞാൽ കുഞ്ചത്തൂരിലെ ചെക്ക് പോസ്റ്റിലെത്താം. ഈ പാതയുടെ ഇരുവശങ്ങളിലും പലയിടങ്ങളിലുമായി മാലിന്യം തള്ളിയിരിക്കുന്നുണ്ട്.
ഇതു കഴിഞ്ഞാൽ പിന്നെ മാഡയിലും മഞ്ചേശ്വരത്തും ഹൊസങ്കടി ടൗണിലും പലയിടങ്ങളിലായി മാലിന്യം തള്ളിയിട്ടുണ്ട്.ഇതു മഞ്ചേശ്വരം പഞ്ചായത്തിലാണ്. ഉപ്പള പാലം കഴിഞ്ഞാൽ അൽപം ഭാഗം മീഞ്ചയുടെയം ബാക്കി മംഗൽപാടി പഞ്ചായത്തുകളുടെ പരിധികളിലാണ്. ഉപ്പള പാലം കഴിഞ്ഞാൽ ഉപ്പള വരെ പാതയോരങ്ങളിലെ ഇരു ഭാഗങ്ങളിലും ചാക്കുകളിൽ നിറച്ചാണ് മാലിന്യം തള്ളിയിട്ടുള്ളത്.
വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒന്നും ഇവിടെയില്ല. അതിനാൽ രാത്രികളിൽ ആരെയും പേടിക്കാതെ വാഹനങ്ങളിൽ എത്തിച്ച മാലിന്യം തള്ളാൻ എളുപ്പമാകും. ദുർഗന്ധം കൊണ്ട് ഇതിലൂടെയുള്ള വാഹന–കാൽനട യാത്ര പോലും ദുസ്സഹമാണ്. ഇറച്ചി അവിശിഷ്ടങ്ങളും ഏറെയുണ്ട്. മഞ്ചേശ്വരം താലൂക്കിന്റെ ആസ്ഥാനവും മംഗൽപാടി പഞ്ചായത്തിന്റെ പ്രധാന നഗരവുമായ ഉപ്പളയിലാണ് പ്രധാന മാലിന്യ തള്ളുന്നത്.
എല്ലാവിധത്തിലുള്ള മാലിന്യങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്. രാപകൽ വ്യത്യാസമില്ലാതെയാണ് വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും അവിശിഷ്ടങ്ങൾ തള്ളുന്നത്. പിക്കറ്റിങ്ങിന്റെ ഭാഗമായി പൊലീസ് വാഹനം ഈ മാലിന്യം തള്ളുന്നതിന്റെ സമീപത്താണ് നിർത്തിയിട്ടിരിക്കുന്നത്. ഇവിടെയുള്ള മാലിന്യങ്ങൾ ഏറെയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളവയാണ്.
മാലിന്യം ശേഖരിക്കുന്നത് സ്വകാര്യ സ്ഥാപനം
മംഗൽപാടി പഞ്ചായത്ത് 2000–2005 വർഷത്തിൽ ഖരമാലിന്യ പ്ലാന്റ് നിർമിച്ചിരുന്നു. പച്ചക്കറികടകളിലെ മാലിന്യം ശേഖരിച്ച് പ്ലാന്റിൽ ജൈവ വളമാക്കി മാറ്റിയിരുന്നു. ആദ്യഘട്ടങ്ങളിൽ മാലിന്യം ശേഖരണം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. പിന്നീട് നിലച്ചു. ഇപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനത്തെയാണ് മാലിന്യം ശേഖരിക്കുന്നതിനായി നിയമിച്ചിരിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഈ സ്ഥാപനം മാലിന്യം ശേഖരിക്കും. നിശ്ചിത തുക ഉടമകൾ ഇവർക്ക് നൽകണം. എന്നാൽ പാതയോരങ്ങളിൽ തള്ളുന്ന മാലിന്യം ശേഖരിക്കുന്നതിനു തുക നൽകാത്തതിനാൽ ഇതു നീക്കം ചെയ്യുന്നില്ല.